
കൊച്ചി: സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വിഷയത്തില്‍ മോശമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായത്. കോണ്‍ഗ്രസിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണോ സെമിനാറില്‍നിന്ന് പിന്‍മാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും പി രാജീവ് പറഞ്ഞു. പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്‍റെ തോന്നല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു .ലീഗ് ക്ഷണം നിരസിച്ചുവെന്നതിൽ യുക്തിയില്ലെന്ന് സിപിഎം നേതാവ് പി മോഹനനും പ്രതികരിച്ചു.
സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പി രാജീവിന്‍റെ പ്രതികരണം. നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്. ഇടി മുഹമ്മദ് ബഷീറിന്‍റെ ഈ പ്രസ്താവന മുസ്ലീം ലീഗ് ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്ന് തീരുമാനിച്ച ലീഗ് നേതൃത്വം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാട് ഉണ്ടെന്നും എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും പലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കണമെന്നും യുഡിഎഫ് കക്ഷി എന്ന നിലയില്‍ സിപിഎം സെമിനാറില്‍ ലീഗിന് പങ്കെടുക്കാനാകില്ലെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. സിപിഎം ക്ഷണത്തിന് നന്ദിയുണ്ട്. പരിപാടിയില്‍ ലീഗ് പങ്കെടുക്കില്ല. കെ സുധാകരന് ലീഗ് സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട്. സിപിഎം റാലിയില്‍ മതസംഘടനകല്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍; ക്ഷണം നിരസിച്ച് ലീഗ്, പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam