Asianet News MalayalamAsianet News Malayalam

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍; ക്ഷണം നിരസിച്ച് ലീഗ്, പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനം

കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം. തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും ഇടി മുഹമ്മദ് ബഷീര്‍

CPM Palestine Solidarity Seminar; Muslim league decided not to participate
Author
First Published Nov 4, 2023, 1:29 PM IST

കോഴിക്കോട്: സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. സിപിഎമ്മിന്‍റെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം. നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ  സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.

ഇടി മുഹമ്മദ് ബഷീറിന്‍റെ ഈ പ്രസ്താവന മുസ്ലീം ലീഗ് ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്നും കൂടിയാലോചനകള്‍ക്കുശേഷം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിക്കാമെന്നുള്ള തീരുമാനത്തില്‍ നേതാക്കളെത്തുകയായിരുന്നു. വൈകാതെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതിനിടെ, പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമം. പ്രസ്താവന മുന്നണി വിട്ട് എല്‍ഡിഫിലേക്ക് പോവുകയാണെന്ന ധ്വനിയുണ്ടാക്കി.അത്തരമൊരു നീക്കം മുന്നണി ബന്ധത്തില്‍ ആശങ്കയുണ്ടാക്കും. പാർട്ടി അന്തിമ തീരുമാനം എടുക്കും. സുതാര്യമായ പ്രതികരണം ആണ് താൻ നടത്തിയത്. ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം, പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം തീരുമാനം. വ്യക്തമായ നിലപാടില്ലാത്തതിനാൽ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തും. പ്രശ്നത്തിൽ മുസ്ലീംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. കോഴിക്കോട് സെമിനാറിൽ ലീഗ് പങ്കെടുത്താലും ഇല്ലെങ്കിലും അവരെ ക്ഷണിച്ചത് ശരിയായ തന്ത്രമാണെന്നും സിപിഎം വിലയിരുത്തുന്നു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗവും ഈ വിഷയം ചർച്ചചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സമിതിയുടെ അജണ്ടയിലുണ്ട്. അതേസമയം പലസ്തീന്‍ വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി മുസ്ലീംലീഗിന്‍റെ നേതൃയോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു.  ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. 
'ലീഗ് വന്നില്ലെങ്കിലും ചർച്ചകൾ നേട്ടം തന്നെ'; കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്ട്രീയ നീക്കം വിജയിച്ചെന്ന് സിപിഎം

 

Follow Us:
Download App:
  • android
  • ios