പിണറായിയെ അധിക്ഷേപിക്കുന്നതിൽ അപലപിക്കുന്നു, അയോഗ്യനാക്കൽ അസഹിഷ്ണുത, കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം: പിബി

By Web TeamFirst Published Mar 27, 2023, 4:28 PM IST
Highlights

കേരളത്തിൽ മുഖ്യമന്ത്രി പിണറായി  വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ.

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി  വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ.  എൽഡിഎഫ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  ബിജെപിയോട് ഒപ്പം ചേർന്ന പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്. ജനം ഇത്തരം ശ്രമങ്ങൾക്ക് അർഹിച്ച മറുപടി നൽകുമെന്നും പിബി വിലയിരുത്തി.

അപകീർത്തി കേസുകൾ പ്രതിപക്ഷത്തെ ആക്രമിക്കാൻ ബിജെപി ഉപയോഗിക്കുകയാണ്. രാഹുലിനെ അയോഗ്യരാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നത്.  ഉപരാഷ്ട്രപതിയും കേന്ദ്ര നിയമ മന്ത്രിയും അടക്കമുള്ളവർ പ്രസ്താവനകളിലൂടെ ജുഡീഷ്യറിയെ ആക്രമിക്കുകയാണെന്നും പിബി യോഗം വിലയിരുത്തി. അതേസമയം, ചർച്ച കൂടാതെ കേന്ദ്ര ബജറ്റ് പാസാക്കിയത് പിബി അപലപിച്ചു.

രാഹുലിന്റെ അയോഗ്യത കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്  വേട്ടയാടുന്നതിന്റെ മറ്റാരു രീതിയെന്ന് പിബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി വിശദീകരിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം  ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തുകയാണ്.  ധ്രുവികരണം ലക്ഷ്യമിട്ട് ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണ്. കർണാടകയിൽ മുസ്ലിം വിഭാഗങ്ങൾക്കുള്ള സംവരണം ബിജെപി സർക്കാർ ഒഴിവാക്കി. ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പിബി വിലയിരുത്തലെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. 

രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികൾ എങ്ങനെയാകുമെന്ന് കാണട്ടെയെന്ന് യെച്ചൂരി പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.  കേരളത്തിൽ പ്രധാന പോരാട്ടം സി പി എമ്മും കോൺഗ്രസും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,  ബി വി രാഘവുലു പിബി അംഗമായി തുടരുമെന്ന് യെച്ചൂരി പറഞ്ഞു. ബി വി രാഘവുലു ചുമതലകളിൽ നിന്ന് ഒഴിയാൻ കത്ത് നൽകിയെന്ന് റിപ്പോർട്ട് തള്ളാതെ, പ്രശ്നം പിബിയിൽ തന്നെ പരിഹരിച്ചതായി യെച്ചൂരി പറഞ്ഞു. പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന്  സി പി എം പിബി അംഗവും  മുതിർന്നനേതാവുമായ   ബി വി രാഘവലു ചുമതലകളിൽ നിന്നൊഴിയാൻ സന്നദ്ധത അറിയിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

click me!