അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ല, സര്‍ക്കാരിനെതിരെ കുരിശുയുദ്ധം'

By Web TeamFirst Published Mar 27, 2023, 3:42 PM IST
Highlights

കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി അയോഗ്യനായതോടെ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികൾ ഒന്നിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ  അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി അയോഗ്യനായതോടെ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികൾ ഒന്നിച്ചിരിക്കുകയാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയല്ലെന്ന് അവർക്കെല്ലാം അറിയാം. പക്ഷെ, തങ്ങളുടെ അഴിമതി കേസുകളെ പ്രതിരോധിക്കാൻ മോദിയാണ് രാഹുലിന്റെ എംപി സ്ഥാനം ഇല്ലാതാക്കിയതെന്ന പ്രചരണം നടത്തുകയാണ് അവർ. രാഹുൽഗാന്ധിയെ മുന്നിൽ നിർത്തി കള്ളൻമാരുടെ ഘോഷയാത്രയാണ് ഇപ്പോൾ നടക്കുന്നത്. സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല. കേരളത്തിലും ഭാവിയിൽ ഇരുകൂട്ടരെയും ബിജെപി തോൽപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് മാലിന്യ നിർമ്മാർജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോൺട കമ്പനിക്ക് കരാർ കൊടുത്തത്. വിഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഭരണ-പ്രതിപക്ഷങ്ങൾ കൊള്ള മുതൽ പങ്കുവെക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലും, ലോക്കപ്പ് മരണങ്ങളും. ആയിരം കോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർവാഹന വകുപ്പിൻ്റെ സർക്കുലറാണ് തൃപ്പൂണിത്തുറ ലോക്കപ്പ് മരണത്തിന് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു..

 

click me!