ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങി; പ്രതിപക്ഷ നേതാവിന്‍റെ പഞ്ചായത്തില്‍ സിപിഎം പ്രസിഡന്‍റ് രാജിവെച്ചു

By Web TeamFirst Published Feb 6, 2021, 11:09 PM IST
Highlights

സിപിഎം നേതൃത്വത്തിന്‍റെ നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് വിജയമ്മ ഫിലേന്ദ്രൻ രാജിക്കത്ത് പഞ്ചായത്ത്‌ സെക്രട്ടറിക്ക് കൈമാറിയത്.  

മാന്നാർ: ഒടുവിൽ പാർട്ടി തീരുമാനത്തിനു വഴങ്ങി ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ ഫിലേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുംതുറയിൽ യു ഡി എഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം സിപിഐഎം രാജി വെച്ചു. വിജയമ്മ  രാജിക്കത്ത് പഞ്ചായത്ത്‌ സെക്രട്ടറിക്ക് കൈമാറി.  

നേതൃത്വത്തിന്‍റെ നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് വിജയമ്മ ഫിലേന്ദ്രൻ രാജിക്കത്ത് പഞ്ചായത്ത്‌ സെക്രട്ടറിക്ക് കൈമാറിയത്.  പട്ടികജാതി വനിതയ്ക്ക് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുള്ള ചെന്നിത്തലയിൽ ബിജെപിയും യുഡിഎഫും ആറ് സീറ്റ് വീതവും സിപിഎമ്മിന് അഞ്ചു സീറ്റുമാണ് ലഭിച്ചിരുന്നത്.

യുഡിഎഫിൽ പട്ടികജാതി വിഭാഗത്തില്‍ നിന്നുമുള്ള വനിത വിജയിക്കാത്തതിനാൽ അവർക്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ആയില്ല. എന്നാൽ ആറു സീറ്റുള്ള ബിജെപി അധികാരത്തിൽ വരുന്നത് തടയുവാൻ സിപിഎം സ്ഥാനാർത്ഥിയെ യുഡിഎഫ് പിന്തുണച്ചതോടെയാണ് സിപിഎമ്മിലെ വിജയമ്മ പ്രസിഡണ്ടായത്.

എന്നാൽ ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരം വേണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി എടുത്ത തീരുമാനത്തെ തുടർന്ന് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സിപിഎം ജില്ലാ നേതൃത്വം വിജയമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിജയമ്മ രാജിക്ക് തയ്യാറായില്ല.

നേതൃത്വം  ആവശ്യപ്പെട്ടിട്ടും വിജയമ്മ രാജിക്ക് വഴങ്ങാതിരുന്ന സംഭവം സിപിഎമ്മിന് തലവേദനയായിരുന്നു. രാജി വെയ്ക്കാന്‍ നിർദേശം വന്ന് രണ്ട് ആഴ്ചക്ക് ശേഷമാണ് ഇപ്പോൾ രാജികത്ത് നല്‍കിയിരിക്കുന്നത്. പാർട്ടി നടപടിയെടുക്കുമെന്ന് അന്ത്യശാസനം നൽകിയിട്ടും ആദ്യം വഴങ്ങാതിരുന്ന വിജയമ്മ പിന്നീട് നിലപാട് മയപ്പെടുത്തുക ആയിരുന്നു.

click me!