
തിരുവനന്തപുരം: സിപിഎം (CPM) തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ച വിവാദങ്ങളിലെ ആരോപണ വിധേയരെ പാർട്ടി സംരക്ഷിച്ചത് വിവാദമാകുന്നു. ദത്ത് നടപടി മുഖ്യമന്ത്രി വിമർശിച്ചിട്ടും ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. യുവനിരയെ പരിഗണിച്ചപ്പോൾ ജില്ലാക്കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഏരിയാ സെക്രട്ടറിമാരെ തഴയുന്നതിലും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്.
കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റിയ ദത്ത് വിവാദത്തിൽ ശരിയായ നിലപാട് എടുക്കാൻ കഴിഞ്ഞോ എന്നാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചത്. ശിശുക്ഷേമ സമിതിക്കും സിപിഎം ജില്ലാ നേതൃത്വത്തിനും അനുപമയുടെ പരാതി എത്തിയിട്ടും സമയബന്ധിതമായി ഇടപെടാത്തതും നിഷേധ സമീപനവും സർക്കാരിനും പാർട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി വിഷയം ഉയർത്തിയപ്പോഴും ആരോപണങ്ങൾ നേരിട്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ജില്ലാ കമ്മിറ്റിയിലെടുത്താണ് നേതൃത്വം പിന്തുണയറിയിച്ചത്.
ശിശുക്ഷേമ സമിതിക്കൊപ്പം ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടലും വിവാദമാകുമ്പോഴാണ് ഷിജുഖാനെ പരസ്യമായി പിന്തുണച്ച് നേതൃത്വം രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. പാവപ്പെട്ട പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കാൻ നൽകേണ്ട ഫണ്ട് ഡിവൈഎഫ്ഐ നേതാവ് തട്ടിച്ചുവെന്നാണ് പാർട്ടിക്ക് മുമ്പിൽ എത്തിയ പരാതി. തട്ടിപ്പിൽ ഭാഗമായ ഡിവൈഎഫ്ഐ ലോക്കൽകമ്മിറ്റി നേതാവ് പുറത്തായി എന്നാൽ സംസ്ഥാന സമിതിയംഗമായ വലിയ നേതാവ് സമ്മേളന പ്രതിനിധിയായി തന്നെ മുഖ്യമന്ത്രിയുടെ വിമർശനത്തിന് സാക്ഷിയായി. ഡിവൈഎഫ്ഐ നേതാവിനെ സഹായിച്ചാണ് സർക്കാർ തല അന്വേഷണങ്ങളെന്നും പരാതിയുണ്ട്.
യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട പിഎസ്‍സി വിവാദങ്ങൾ മുഖ്യമന്ത്രി ഉയർത്തിയപ്പോഴും അന്ന് എസ്എഫ്ഐയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. വലിയ നിരയെ ഒഴിവാക്കി പുതുനിരയെ കൊണ്ടുവന്നതിലും തലസ്ഥാനത്തെ സിപിഎമ്മിൽ അതൃപ്തി പുകയുകയാണ്.ജില്ലയിലെ പകുതി ഏരിയാ ക്കമ്മിറ്റികളിലെ സെക്രട്ടറിമാരെ പോലും ജില്ലാക്കമ്മിറ്റിയിൽ ഉൾപ്പെടുത്തിട്ടില്ല. പാളയം, വിതുര, മംഗലപുരം അടക്കം രണ്ട് ടേമായി സെക്രട്ടറിയായിരിക്കുന്ന ഏരിയാ സെക്രട്ടറിമാരെയും പുറത്തുനിർത്തി.