'നഗരസഭ അധ്യക്ഷയ്ക്ക് അനുമതി നല്‍കാന്‍ അധികാരമില്ല'; ശ്യാമളയെ സംരക്ഷിച്ച് സിപിഎം

By Web TeamFirst Published Jun 24, 2019, 7:21 PM IST
Highlights

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ സംരക്ഷിച്ച് സിപിഎം. 

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ സംരക്ഷിച്ച് സിപിഎം. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന.നഗസരഭാ അധ്യക്ഷക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരമില്ല. അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാം. അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ല. അങ്ങനെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ കഴിയു. അത്തരത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ഭാര്യ ബീന, ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളക്കെതിരെ ഗുരുതര പരാതികൾ ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രി പഴിച്ചത് നഗരസഭാ ഉദ്യോഗസ്ഥരെ മാത്രമാണ്. സാജന്‍റെ വ്യവസായ സംരഭത്തിന് നഗരസഭ അനുമതി നിഷേധിച്ചപ്പോൾ പി ജയരാജനോട് പരാതിപ്പെട്ടതാണ് ശ്യാമളയുടെ വിരോധത്തിന്‍റെ കാരണമെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ പ്രധാന കുറ്റപ്പെടുത്തൽ. സാജൻ കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ഇരയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം. എന്നാല്‍ പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


 

click me!