
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ മുൻ മന്ത്രി വി ശിവൻകുട്ടി, ഇ ഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹം എന്ന് പറഞ്ഞു. പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇ ഡി ഇങ്ങനെ ചെയ്തത്. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇ ഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു. സുപ്രീം കോടതിയിലുള്ള ഹർജി പോലും ഇ ഡി പരിഗണിച്ചില്ലെന്നും തെറ്റായ സമീപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയാണ് പിണറായിയുടെ വീട്ടിലെ ചുമരിൽ ഇ ഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്.
ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചുമരിൽ നോട്ടീസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാനാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ ഡി വിശദീകരിച്ചു.
അതേസമയം ഇ ഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇ ഡിക്ക് മറുപടി നൽകിയേക്കും. ഇതിനിടയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാൽ ഇ ഡിക്ക് മുമ്പിൽ ഉടൻ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈഘട്ടത്തിൽ ഇ ഡിയുടെ ഊന്നൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam