പിണറായിക്കെതിരെ വൻ നീക്കങ്ങൾ, ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം കൊച്ചിയിലെത്തും; അതിവേഗത്തിൽ അതീവ ശ്രദ്ധയോടെ ഇഡി

Published : Oct 17, 2026, 02:36 PM IST
Pinarayi ed

Synopsis

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തും. ഇമെയിൽ നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ ഇഡി നേരിട്ട് സമൻസ് പതിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ ഡി) വൻ നീക്കങ്ങൾ. പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെത്താനാണ് നീക്കം. ഇ ഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യൽ. അതിവേഗത്തിൽ അതീവ ശ്രദ്ധയോടെയാണ് ഇ ഡി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്‍റെ ഭാഗമായാണ് പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിച്ചത്. തപാലിൽ സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് നേരിട്ട് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടിൽ സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലിസിനെ വിളിച്ചുവരുത്തിയാണ് നോട്ടീസ് ഒട്ടിച്ചത്. വീട്ടിലെ ചുമരിൽ സമൻസ് പതിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അസ്വാഭാവികതയില്ലെന്ന് ഇ ഡി

ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചുമരിൽ നോട്ടീസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാനാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ ഡി വിശദീകരിച്ചു.

അതേസമയം ഇന്ന് രാവിലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഹാജരായേക്കില്ല

അതേസമയം ഇ ഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇ ഡിക്ക് മറുപടി നൽകിയേക്കും. ഇതിനിടയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാൽ ഇ ഡിക്ക് മുമ്പിൽ ഉടൻ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈഘട്ടത്തിൽ ഇ ഡിയുടെ ഊന്നൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെയിലിനോട് പിണറായി പ്രതികരിച്ചില്ല, അതുകൊണ്ടാണ് വീട്ടിൽ നേരിട്ടെത്തി ചുമരിൽ സമൻസ് പതിപ്പിച്ചത്; വിശദീകരിച്ച് ഇഡി
ജീവനു തന്നെ ഭീഷണിയുള്ള ഫ്ലാറ്റ്, മുണ്ടംവേലിക്കാരുടെ പുനരധിവാസത്തിൽ ഇനിയും തീരുമാനമായില്ല