കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില: കന്നുപൂട്ട് മത്സരം സംഘടിപ്പിച്ച് സിപിഎം

By Web TeamFirst Published Jan 17, 2022, 7:34 AM IST
Highlights

സിപിഎം പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന ജി. വേലായുധന്‍റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്

പാലക്കാട്: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ നിയന്ത്രണം ലംഘിച്ച് വീണ്ടും സിപിഎം. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് കന്നുപൂട്ട് മത്സരമാണ് സിപിഎം സംഘടിപ്പിച്ചത്. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി വേലായുധന്‍റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്. 200 ലേറെ പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരണം.

സിപിഎം പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന ജി. വേലായുധന്‍റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തെന്ന് പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറി വിനോദ് അറിയിച്ചു. 200നടുത്ത് നാട്ടുകാരും കാഴ്ചക്കാരായി ഉണ്ടായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും സംഘടിപ്പിച്ചത്. മലമ്പുഴ എംഎല്‍എയായ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. പാലക്കാട് ജില്ലയിൽ 21 ശതമാനത്തിന് മുകളിലാണ് ടിപിആർ നിരക്ക്.

click me!