'ലൈഫിന്' പ്രായം പ്രശ്നമോ? മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനിൽ വീട് നിഷേധിച്ചു,പരാതി

By Web TeamFirst Published Aug 17, 2022, 9:09 AM IST
Highlights

അപേക്ഷകക്ക് പ്രായംകുറവെന്ന് കാട്ടി പട്ടികജാതിക്കാരിയായ വീട്ടമ്മക്ക് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് നിഷേധിച്ചെന്ന് പരാതി.

ആലപ്പുഴ : അപേക്ഷകക്ക് പ്രായം കുറവാണെന്ന കാരണം പറഞ്ഞ് പട്ടികജാതിക്കാരിയായ വീട്ടമ്മക്ക് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് നിഷേധിച്ചെന്ന് പരാതി. കരട് മുൻഗണന പട്ടികയിൽ മൂന്നാം റാങ്കിലായിരുന്ന കുടുംബത്തെ അന്തിമ പട്ടികയിൽ 148 ാം സ്ഥാനത്തേക്ക് വെട്ടിമാറ്റി. നൂറ് ശതമാനം മാനസിക ശാരീരിക വൈകല്യമുള്ള പതിമുന്ന് വയസുകാരിയായ മകള്‍ക്ക് അര്‍ഹതപ്പെട്ട വെയ്റ്റേജും വെട്ടിക്കുറച്ചു.

പാണ്ടോത്ത് ചിറ പി ജി ബാബുവിന്‍രെ ഭാര്യ ചേര്‍ത്തല സ്വദേശിനി രതികയ്ക്കാണ് പ്രായക്കുറവിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ മുനഗണന നഷ്ടപ്പെട്ടത്. ഒറ്റമുറി കുടിലിലാണ് കുടുംബം താമസിക്കുന്നത്. പതിമൂന്നുകാരിയ മകള്‍ ശ്രീലക്ഷ്മി നൂറ് ശതമാനം മാനസിക- ശാരിരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ബാത്ത്റൂമില പോകാൻ പോലും പരസഹായം വേണം. 2020 ലാണ് രതിക ലൈഫ് മിഷനില്‍ വീടിന് അപേക്ഷ നല്കുന്നത്. ഗുണഭോക്താക്കളുടെ കരട് പട്ടികയില്‍ പതിനാറാം സ്ഥാനത്തായിരുന്നു ഇവർ. മകളുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയതോടെ റാങ്ക് മൂന്നാം സ്ഥാനത്തായി.

അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി പ്രതീക്ഷയോടെ കഴിയുമ്പോഴാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ കടുംവെട്ട്. അന്തിമപട്ടികയില്‍ ഈ കുടുംബത്തിന്‍റെ റാങ്ക് 148 ലേക്ക് ഒതുക്കി.രതികക്ക് 35 വയസ് മാത്രമേ പ്രായമുള്ളൂവെന്നും വീടിനായി ഇനിയും കാത്തിരിക്കാൻ ഏറെ സമയമുണ്ടെന്നുമാണ് കാരണം തിരക്കിയ രതികയോടെ അധികൃതര്‍ പറഞ്ഞത്. പ്രായക്കൂടുതൽ ഉള്ളവര്‍ക്ക് മുൻഗണന നല്‍കണമെന്നതാണ് ചട്ടമെന്നാണ് പഞ്ചായത്ത് പ്രസി‍‍ഡന്റ് സിനിമോള്‍ സാംസന്‍റെയും മറുപടി. പ്രായമാണ് പരിഗണിച്ചതെന്നും രതിക അപ്പീല്‍ നല്‍കിയാല്‍ നോക്കാമെന്നും വിഷയം ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്  പറയുന്നു. അർഹിക്കുന്നവർക്ക് വീട് എന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴാണ് സിപിഎം ഭരണ സമിതിയുടെ ഈ നിലപാട്. 

 

click me!