കൺസൾട്ടൻസി വേണ്ടെന്ന നിലപാടില്ല, ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ല: കോടിയേരി

By Web TeamFirst Published Jul 24, 2020, 4:51 PM IST
Highlights

ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതിൽ തെറ്റില്ലെന്നും കോടിയേരി.

തിരുവനന്തപുരം: കൺസൾട്ടൻസി വേണ്ടെന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ സർക്കാരും കൺസൾട്ടൻസി നിയമനങ്ങൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ കോടിയേരി ഒരു കൺസൾട്ടൻസിയും ഒഴിവാക്കാൻ പാർട്ടി നിർദേശം നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി വിളിച്ച് ചേർത്തത് പാർട്ടി അംഗങ്ങളുടെ യോഗമാണെന്നും വിശദീകരിച്ചു.

ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ലെന്നും കോടിയേരി അവകാശപ്പെട്ടു. "എത്ര സമയം വരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ'' എന്ന് പറഞ്ഞ കോടിയേരി ശിവശങ്കരനെതിരെ നടക്കുന്നത് വ്യക്തിപരമായ അന്വേഷണമാണെന്നും വിശദീകരിച്ചു. ഉമ്മൻ ചാണ്ടിയെ മുൻപ് ചോദ്യം ചെയ്തത് ആരും മറന്നുപോകരുതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർക്കുകയുണ്ടായി. 

കൊവിഡ് പ്രതിരോധ വിഷയത്തിൽ പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാനും കോടിയേരി വാർത്താസമ്മേളനത്തിൽ ശ്രമിച്ചു. കൊവി‍ഡ് ജാഗ്രതയെ പ്രതിപക്ഷം അട്ടിമറിച്ചുവെന്നാണ്  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപം. സാമൂഹിക അകലം പാലിക്കാതെയുളള പ്രതിപക്ഷ സമരങ്ങൾ തെറ്റായ സന്ദേശം സമൂഹത്തിന് നൽകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. 

കോടിയേരിയുടെ വാക്കുകൾ

സാമൂഹ്യ ഒന്നും അകലം പാലിക്കേണ്ടതില്ലെന്ന സന്ദേശം സമൂഹത്തിൽ നൽകുന്നതിൽ ഗണ്യമായ സംഭാവനയാണ് കോൺഗ്രസും ബിജെപിയും നടത്തിയ സമരഭങ്ങളിൽ അവർ സ്വീകരിച്ച സമീപനം വ്യക്തമാക്കിയത്. സമുന്നതരായ നേതാക്കൻമാർ തന്നെ ഒരകലവും പാലിക്കാതെ കൂടിയിരുന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ. അങ്ങനെ അകലമൊന്നും പാലിക്കേണ്ടതില്ലെന്ന ധാരണയാണ് അത്തരം കൂട്ടായ്മകൾ  ജനങ്ങൾക്ക് നൽകിയത്, ഇതിന്റെ ഫലമായി നേരത്തെ ഉണ്ടായിരുന്ന ജാഗ്രത ജനങ്ങൾക്ക് നഷ്ടമായി. ഇത് വീണ്ടെക്കാനുള്ള ശ്രമങ്ങളുണ്ടാകണം. 

കേരളത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. സമീപ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വ‌ർധനയുണ്ടായി. ഇത് കണക്കിലെടുത്ത് സിപിഎമ്മിന്‍റെ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.  രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം സാമൂഹ്യ അകലം പാലിക്കുന്നതിലുള്ള വീഴ്ചയാണ്. ഇതിൽ നമ്മളോരോരുത്തരം ഇക്കാര്യത്തിൽ മാതൃക കാണിക്കേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കുകയും, ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം.

ചില പ്രദേശങ്ങളിൽ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിൽ സ‍ക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതിന്‍റെ കൂടെ ചേർന്ന് പ്രവർത്തിക്കണം. ഇന്ന് സർവ്വ കക്ഷി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. അതിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടത് പക്ഷത്തിനെതിരെം കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് ആക്രമണം അഴിച്ച് വിടുകയാണ് കോൺഗ്രസും ബിജെപിയും. മറ്റ് പലയിടത്തും കോൺഗ്രസും ബിജെപിയും തമ്മിൽ ശത്രുതയിലാണ്. പല സംസ്ഥാനങ്ങളിലും ബിജെപി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു. അങ്ങനെയുള്ള കോൺഗ്രസും ബിജെപിയും ഇപ്പോൾ ഇവിടെ ഒരേ മനസോടെ പ്രവർത്തിക്കുകയാണ്.  രാവിലെ ബിജെപി അധ്യക്ഷൻ നടത്തുന്ന പത്ര സമ്മേളനത്തിലെ ആരോപണങ്ങൾ ചെന്നിത്തല ഉച്ചക്ക് അത് ഏറ്റുപറയുന്നു. എൽഡിഎഫ് സർക്കാരിനെതിരായ രണ്ട് കൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുന്നു. സംഘടിതമായ നുണപ്രചരണം നടത്തുന്നു. 

ഹിറ്റ്ലർ ഗീബൽസിനെ ഉപയോഗിച്ച് നടത്തി.യ പ്രചരണ തന്ത്രം എല്ലാവർക്കുമറിയാം. ഒരു നുണ ആയിരം തവണ ആവർതത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു തന്ത്രം. ബിജെപിയും കോൺഗ്രസും ചെയ്യുന്നത് ആയിരം നുണകൾ ഒരേ സമയം പ്രചരിപ്പിക്കുകയെന്നതാണ്. കേരളത്തിലെ ആർ എസ് എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയിരിക്കുകയാണ്. ആർഎസ്എസിന്‍റെ ഉദ്ദേശം യുഡിഎഫ് മേധാവിത്വത്തിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ഒരാൾ വരണമെന്നാണ്. ഇതിന് ആവശ്യമായ സഹായമാണ് ചെന്നിത്തലയ്ക്ക് ചെയ്ത് കൊടുക്കുന്നത്. 

വിവാദങ്ങൾ ധാരാണം ഉണ്ടാക്കാൻ പ്രതിപക്ഷ ശ്രമിക്കുന്നുണ്ടെങ്കിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം, സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ട് പോകണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം. പ്രതിപക്ഷമുയർത്തിയ പ്രശ്നങ്ങളെല്ലാം അവർക്ക് തന്നെ തിരിച്ചടിയാവും. ഇടത് പക്ഷ മുന്നണി സർക്കാരിന്റെ വികസന പദ്ധതികൾ മുന്നോട്ട് പോകണം. സമയബന്ധിതമായി പൂ‍ർത്തിയാക്കണം. 

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് സർവ്വകക്ഷിയോഗത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കണം . 
 

click me!