
പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോ എന്ന് പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അബിൻ വർക്കി. എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സിപിഎം പരിശോധിക്കണം. യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ എസ്എഫ്ഐ ബോധപൂർവ്വം സംഘർഷമുണ്ടാക്കിയതാണ്. ഹോസ്റ്റലിൽ എങ്ങനെ ബിയർ കുപ്പികൾ വന്നുവെന്ന് പരിശോധിക്കണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എങ്ങനെ ഹോസ്റ്റലിൽ വന്നു. മനപ്പൂർവ്വം പ്രകോപനം സൃഷ്ടിച്ചത് എസ്എഫ്ഐ ആണെന്ന് അവർ തന്നെ സമ്മതിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടക്കുന്നത് അരാജകത്വമാണെന്ന് അബിൻ വർക്കി ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പന്തം കത്തിച്ച ഉടനെ ബിയർ കുപ്പികൾ ഹോസ്റ്റലിൽ നിന്നും വലിച്ചെറിഞ്ഞു. മാർച്ച് തുടങ്ങിയ ശേഷവും കല്ലേറുണ്ടായി.യൂണിവേഴ്സിറ്റി കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ എസ്എഫ്ഐക്ക് ഹാൽ ഇളകുന്നത് എന്തിനെന്ന് അബിൻ വർക്കി എംഎൽഎ ചോദിക്കുന്നു.
ഇ ഡി കേസിൽ പെട്ടു നിൽക്കുന്ന പിണറായി വിജയനും കുടുംബത്തിനും അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ എസ്എഫ്ഐയുടെ പേക്കൂത്ത് എന്നും അബിൻ വർക്കി ചോദിച്ചു. അമിത് ഷാ കേരളത്തിൽ വന്നിട്ട് കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമിത് ഷായ്ക്കെതിരെ ഏതെങ്കിലും ഒരു ഡിവൈഎഫ്ഐ കാരന്‍റെ കൈ പ്രതിഷേധിക്കാനായി ഉയർന്നില്ല. യൂത്ത് കോൺഗ്രസ് ആണ് കരികൊടി വീശിയത്. ഇനി നരേന്ദ്ര മോദി വന്നാലും യൂത്ത് കോൺഗ്രസ് അത് ചെയ്യുമെന്ന് അബിൻ വർക്കി എംഎൽഎ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam