
തിരുവനന്തപുരം: ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബിജെപിക്കുള്ള യഥാർത്ഥ ബദൽ രാഹുൽ ഗാന്ധിയാണ്. കേരളത്തിലും അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയെ സിപിഎം എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. കേരള സർക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയിൽ വിമർശിച്ചാൽ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ കണ്ടെയ്നർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദൻ മറുപടി നൽകി. ജോഡോ യാത്രയിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയാൽ ആ നിലപാടിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് പറഞ്ഞു.
'കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ഇല്ലാതാക്കാൻ ആയില്ല'; രാഹുലിനെതിരെ ആർഎസ്എസ്
അതേസമയം, രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുകയാണ്. 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നതെന്നാണ് സിപിഎം വിമർശനം. ഇങ്ങിനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎം ചോദിച്ചു. സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ രാഹുലിന്‍റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു.
ഇതിനുള്ള മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. യാത്രക്ക് കിട്ടുന്ന സ്വീകരണത്തിൽ സിപിഎമ്മിനും ബിജെപിക്കും അസ്വസ്ഥതയാണെന്ന് വേണുഗോപാൽ പറഞ്ഞു. ആര്‍ എസ് എസിനെതിരെ പോരാട്ടം തുടരും. കേരളത്തിൽ കൂടുതൽ ദിവസം എന്ന സിപിഎം വിമർശനത്തിന് കേരളം ഇന്ത്യയിൽ അല്ലെയെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ കഴിയൂ. സിപിഎം കേരളത്തിനു പുറത്തു എവിടെ ഉണ്ടെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam