സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്,സിപിഐ നിർവാഹക സമിതിയും ഇന്ന് ചേരും

By Web TeamFirst Published Feb 3, 2023, 5:39 AM IST
Highlights

പാലക്കാട് , തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ സിപിഎം പരിഗണിച്ചേക്കും

 

തിരുവനന്തപുരം : ആലപ്പുഴയിൽ നീറിപ്പുകയുന്ന സംഘടനാ പ്രശ്നങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്. പാലക്കാട് , തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും. 

സിപിഐ നിർണായക നിർവാഹക സമിതി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ ബി ജെ പി പ്രവർത്തകർ ആക്രമിച്ച കേസിൽ സി പി എം നേതാക്കളുടെ കൂറ് മാറ്റവും പാർട്ടിക്കുണ്ടായ വീഴ്ചയും യോഗം ചർച്ച ചെയും. കേസ് നടത്തിപ്പിൽ പാർട്ടിക്കുണ്ടായ വീഴ്ചകൾ കമ്മറ്റിയിൽ ഉയർന്നാൽ വിമർശനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

കൂറുമാറ്റത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിനു വിരുദ്ധ നിലപാടായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത്.

മന്ത്രി പി പ്രസാദ് പാർട്ടിയുടെ അനുമതിയില്ലാതെ ഇസ്രയേൽ യാത്ര നിശ്ചയിച്ചതും ചർച്ചയായേക്കും. പ്രായപരിധി നിബന്ധനയെ തുടർന്ന് കമ്മറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളെ ഏതു ഘടകത്തിൽ സഹകരിപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും

കരുനാഗപ്പള്ളി ലഹരിക്കടത്ത് സഭയിൽ; ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി, എംഎൽഎയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

tags
click me!