
തിരുവനന്തപുരം: രാഹുലിന്റെ കളവ് തെളിയിക്കുന്നതാണ് പുതിയ സിസിടിവി ദൃശ്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൂർണമായി പൊളിഞ്ഞു പാളീസായി എന്നും എം വി ഗോവിന്ദൻ പരിഹാസരൂപേണ പറഞ്ഞു. കൊണ്ടുപോയത് എൻ്റെ വസ്ത്രമാണെന്ന് പറഞ്ഞത് തെറ്റെന്ന് വ്യക്തമായി. കളവിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഓരോന്ന് മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
വയനാട് കോൺഗ്രസ് നേതാക്കളുടെ ചിത്രം ഉള്ള ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവത്തിൽ, വിവിധ രീതിയിലുള്ള ആനുകൂല്യങ്ങൾ കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു. ജനങ്ങളെ അപമാനിക്കുന്ന പരസ്യമായ രീതിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ കളളപ്പണത്തിന് പൈലറ്റ് പോയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പ്രതികരിച്ചത്.
കോൺഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ ട്രോളി ബാഗിൽ വസ്ത്രങ്ങളായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam