
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി വിദ്യാഭ്യാസത്തിനായി ആപ്പ് രൂപീകരിക്കാനും ആർ എസ് എസ് മുന്നേറ്റം തടയാൻ ആരാധനാലയങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറഞ്ഞുപോകുന്നുണ്ടെന്നും ബ്രാഞ്ച്, ഏരിയ കമ്മിറ്റികൾ മുതൽ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടണമെന്നും നിർദേശമുണ്ട്. അടിയന്തര സംശയനിവാരണത്തിനും പാർട്ടി വിദ്യാഭ്യാസത്തിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാൻ യോഗത്തിൽ ധാരണയായെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വലതുപക്ഷവൽക്കരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനും നവമാധ്യമ രംഗത്ത് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും ആർ എസ് എസ് സ്വാധീനം വർദ്ധിക്കുന്നത് തടയാൻ ഉത്സവങ്ങളും ആഘോഷങ്ങളും പൊതു ആചാരങ്ങളാക്കി മാറ്റി പാർട്ടി സജീവമായി ഇടപെടണമെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വിശ്വാസികളെല്ലാം വർഗീയവാദികളല്ലെന്നും എന്നാൽ ഒരു വർഗീയവാദിയെപ്പോലും വിശ്വാസിയെന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായും എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും' - എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. യോഗത്തിൽ 19 പേർ ഇതുവരെ ചർച്ചയിൽ പങ്കെടുത്തതായും സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളിൽ നിർദേശമുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam