
തിരുവനന്തപുരം: ശിശുക്ഷേമ സമതി മുൻ ജനറൽ സെക്രട്ടറി എസ് പി ദീപക്കിനെ സിപിഎം തരംതാഴ്ത്തി. വഞ്ചിയൂർ ഏര്യാകമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. കൈതമുക്കിൽ പട്ടിണികാരണം കുട്ടികൾ മണ്ണ് തിന്നുന്നെന്ന വിവാദ പരാമർശത്തിലാണ് നടപടി. കേരളം നമ്പർ വണ്‍ എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരിക്കെ എസ് പി ദീപക്കിന്‍റെ പരാർമശം വിവാദമാകുന്നത്.
ഇതിനിടെ ബാലവാകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്, കൈതമുക്കിലെത്തി തെളിവെടുപ്പ് നടത്തിയതിന് ശേഷം ദീപക്കിന്‍റെ വാദത്തെ തള്ളി രംഗത്തെത്തിയെങ്കിലും കുട്ടികൾ മണ്ണ് തിന്നുവെന്ന വാദത്തിൽ ദീപക് ഉറച്ചു നിന്നു. ഇതോടെ മുഖ്യമന്ത്രിയും ഇടപെടുകയായിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ ഉടൻ നീക്കി. ഇതിലും തീരാതെയാണ് ദീപക്കിനെതിരായ പാർട്ടി നടപടി. സിപിഎം ജില്ലാകമ്മിറ്റി യോഗം ചേർന്നാണ് വഞ്ചിയൂർ ഏര്യാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
ദീപക്കിനെ കൈതമുക്ക് സംഭവം അറിയിച്ച വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിമൽകുമാറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. വാർഡ് കൗണ്‍സിലർ ബിജെപിയും സ്ഥലം എംഎൽഎയും എംപിയും കോണ്‍ഗ്രസും എന്നിരിക്കെ ഇവരുടെ വീഴ്ചയാണ് പുറത്തെത്തിക്കാൻ ശ്രമിച്ചതെന്നും പിന്നീട് തെറ്റ് ബോധ്യപ്പെട്ടെന്നും ദീപക്ക് പാർട്ടിയെ അറിയിച്ചെങ്കിലും ജില്ലാകമ്മിറ്റി വിശദീകരണം തള്ളി. സർക്കാരിനും പാർട്ടിക്കും കളങ്കമുണ്ടാക്കിയ പ്രസ്താവനക്ക് മാപ്പില്ല എന്ന സംസ്ഥാന നേതൃത്വത്തിന്‍റെ ശക്തമായ നിലപാടും ദീപക്കിന് തിരിച്ചടിയായി. ജില്ലാകമ്മിറ്റി കൈകൊണ്ട നടപടി സിപിഎം വഞ്ചിയൂർ ഏര്യാകമ്മിറ്റിയിലും ഉടൻ റിപ്പോർട്ട് ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam