
തിരുവനനന്തപുരം : ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎമ്മിൽ പ്രതിസന്ധി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി.
'മധു പറഞ്ഞതെല്ലാം അവാസ്തവമാണ്. ഏരിയാ കമ്മിറ്റി തിരഞ്ഞെടുത്ത ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വന്നു. ജലീലിനെ കമ്മിറ്റി അംഗങ്ങൾ ജനാധിപത്യപരമായാണ് തെഞ്ഞെടുത്തത്. ഏരിയാ സമ്മേളനത്തിനിടെയല്ല, സമ്മേളനം സമാപിച്ച ശേഷമാണ് മധു പോയതും പാർട്ടിക്കെതിരെ പരാമർശം നടത്തിയതും. ഉപരി കമ്മിറ്റിയുമായി ആലോചിച്ച് മധുവിനെതിരായ നടപടി തീരുമാനിക്കും.
ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരായ ആരോപണം മറുപടി അർഹിക്കാത്തത് കടകംപ്പള്ളി സുരേന്ദ്രനും പറഞ്ഞു. മധുവിനെതിരെ പാർട്ടിക്ക് മുന്നിലുള്ള പരാതികളെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. സമ്പന്നായ ഒരാൾ ഏരിയാ സെക്രട്ടറിയായതൊക്കെ അതിൻ്റെ ഭാഗമായുള്ള കാര്യങ്ങളാണ്. രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന ആൾ സംഘനാപരമായി ഇത്തരം പാപ്പരത്തമുള്ള ആളാണെന്ന കാര്യം തിരിച്ചറിയാൻ സാധിച്ചില്ല. മധുവിന്റെ മകൻ പോലും പാർട്ടി മാറിയാൽ പോകുമോയെന്ന് സംശയമുണ്ടെന്നും കടകംപളളി പരിഹസിച്ചു.
എംവി ഗോവിന്ദൻ നേരിട്ടെത്തിയിട്ടും കലഹം തീരുന്നില്ല
പത്തനംതിട്ടയിൽ വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയിട്ടും കലാപം തീരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ തട്ടകമായ സിപിഎം കൊടുമൺ ഏരിയ കമ്മിറ്റിയിൽ ഭിന്നത രൂഷമായി. മത്സരിച്ച് ജയിച്ച പുതിയ സെക്രട്ടറിയുടെ പേരിൽ പ്രവർത്തകരും അനുഭാവികളും സമൂഹ്മധ്യമങ്ങളിൽ പോരടിക്കുകയാണ്. "മൂടുതാങ്ങികൾക്കും പെട്ടി താങ്ങികൾക്കും ഭാരവാഹിത്വമെന്നാണ് ആക്ഷേപം". ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിൻ്റെ വിശ്വസ്തൻ ആർ ബി രാജീവ് കുമാറാണ് ഇന്നലെ മത്സരത്തിലൂടെ ഏരിയ സെക്രട്ടറി ആയത്. മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്നു രാജീവ് കുമാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam