പാലാ കഴിഞ്ഞു, ഇനി ഏലത്തൂര്‍; ശശീന്ദ്രന്‍റെ സീറ്റ് വച്ചുമാറാന്‍ സിപിഎം; പറ്റില്ലെന്ന് എ കെ ശശീന്ദ്രന്‍

By Web TeamFirst Published Feb 4, 2021, 8:17 PM IST
Highlights

സിറ്റിങ്ങ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇടതുമുന്നണിയില്‍ തുടരണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയതെന്നാണ് ടി പി പിതാംമ്പരനും ഏകെ ശശീന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ വിശദീകരിക്കുന്നത്. 

കോഴിക്കോട്: കാപ്പനെ അനുനയിപ്പിച്ച് പാലായിലെ തർക്കം ഒരുവശത്ത് തീർക്കുമ്പോഴേക്കും ശശീന്ദ്രന്‍റെ തട്ടകമായ എലത്തൂരിനെ ചൊല്ലി അടുത്ത തർക്കം തുടങ്ങി. കുന്ദമംഗലം പകരം നൽകി ഇക്കുറി എലത്തൂർ എൻസിപിയിൽ നിന്ന് ഏറ്റെടുക്കാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാൽ സീറ്റും ചോദിച്ച് ഇങ്ങോട്ട് വരേണ്ടെന്നാണ്, ശശീന്ദ്രന്‍റെ നിലപാട്. 

സിപിഎമ്മിന് സ്വാധീനമുള്ള എലത്തൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് സിപിഎമ്മിലെ പൊതു വികാരം. ജില്ലാ സെക്രട്ടറി പി മോഹനന്‍ , ഡിവൈഎഫ്ഐ അഖിലേന്ത്യ നേതാവ് പി എ മുഹമ്മദ് റിയാസ് എന്നിവരില്‍ ആരെയെങ്കിലും എലത്തൂരില്‍ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ സിറ്റിങ്ങ് സീറ്റായ എലത്തൂര്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് എന്‍സിപി.

സിറ്റിങ്ങ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇടതുമുന്നണിയില്‍ തുടരണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയതെന്നാണ് ടി പി പിതാംമ്പരനും ഏകെ ശശീന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ വിശദീകരിക്കുന്നത്. മത്സരിച്ച നാല് സീറ്റുകളിലും ഇവത്തവണയും എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. പാല വിട്ടുനല്‍കി പകരം ചില നീക്കുപോക്കുകള്‍ ഉണ്ടാക്കിയാലും ഒരു കാരണകാരണവശാലും
എലത്തൂര്‍ വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് എകെ ശശീന്ദ്രന്‍ വിഭാഗം.

click me!