
കൊച്ചി: തൃക്കാക്കരയിലെ തോൽവിയിൽ സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കും. തോൽവിയിൽ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമല്ലെന്ന് ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വീഴ്ചകളിൽ വരെ പഴി കേൾക്കുന്നത് സംസ്ഥാന നേതാക്കളാണ്.
വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോൽവി. സിറോ മലബാർ സഭയുമായി ധാരണയിലെത്തി നാടകീയമായി ഡോക്ടർ ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്‍റെ തന്ത്രമായിരുന്നു. കനത്ത തോൽവിയുടെ ഉത്തരവാദിത്തവും മന്ത്രിയിൽ തന്നെ എത്തിനിൽക്കുന്നു.
തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് അവലോകനം വൈകില്ല. ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണ്. 2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തരമായി വിലയിരുത്തിയിടത്താണ് 25,000 വോട്ടിന്‍റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 വോട്ടിന് തോറ്റപ്പോൾ പോലും വിട്ടുവീഴ്ചയ്‍ക്ക് നേതൃത്വം തയ്യാറായിരുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.മണിശങ്കറിനെതിരെയും വൈറ്റില ഏരിയാ സെക്രട്ടറിക്കെതിരെയും കടുത്ത നടപടിയെടുത്തിരുന്നു അന്ന്. ഇപ്പോൾ അതിനേക്കാൾ വലിയ പരാജയത്തിൽ എത്തിനിൽക്കുമ്പോൾ ആർക്കൊക്കെ എതിരെ വാളോങ്ങും എന്നതും ശ്രദ്ധേയമാണ്.