'ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ'; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ നിയമനടപടിക്ക് സിപിഎം

Published : Jun 29, 2022, 03:28 PM ISTUpdated : Jun 29, 2022, 03:30 PM IST
'ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ'; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ നിയമനടപടിക്ക് സിപിഎം

Synopsis

ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുക്കാനായി സിപിഎം നിയമപരമായി നീങ്ങും. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധീരജിൻറെ പിതാവ് രാജേന്ദ്രൻ  തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും  സി വി വർഗീസ് പറഞ്ഞു. 

തൊടുപുഴ: പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍  ധീരജ് കൊല്ലപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് സിപിഎം. പ്രതിഷേധിച്ചാൽ ധീരജിന്റെ ഗതി ഉണ്ടാകും എന്ന ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിന്‍റെ മുരിക്കാശ്ശേരിയിലെ പ്രസ്താവന ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.   ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

ഡിസിസി പ്രസിഡണ്ടിനെതിരെ കേസെടുക്കാനായി സിപിഎം നിയമപരമായി നീങ്ങും. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധീരജിൻറെ പിതാവ് രാജേന്ദ്രൻ  തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും  സി വി വർഗീസ് പറഞ്ഞു. 

രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സി.പി.മാത്യു  പ്രസംഗത്തില്ർ പറഞ്ഞത്. രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആയിരുന്നു വിവാദ പരാമർശം. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് മരിച്ചത്.

Read More; വിവാദ പ്രസംഗവുമായി വീണ്ടും ഇടുക്കി ഡിസിസി പ്രസിഡന്റ്, 'അക്രമം തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകും'

ധീരജിന്റെ കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ്   സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. സി പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.  കൊലവിളി പ്രസംഗത്തിലൂടെ കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം പുറത്തായി. ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനിയറിം​ഗ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡന്‍റ് തന്നെ 'എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിന്‍റെ അനുഭവം ഉണ്ടാകും' എന്ന് പറഞ്ഞതിലൂടെ ധീരജിന്‍റെ കൊലപാതകത്തിന്‍റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ധീരജിന്‍റെ രക്തസാക്ഷിത്വത്തെ ' ഇരന്നു വാങ്ങിയത് ' എന്ന് പറഞ്ഞതിനെയും ഇതിന്‍റെ കൂടെ കൂട്ടിവായിക്കണം. വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ ആകെ അക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കെഎസ്‍യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ അക്രമകാരികൾ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു എന്നും എസ്എഫ്ഐ അഭിപ്രായപ്പെട്ടിരുന്നു.

Read More; കൊലവിളി പ്രസം​ഗമെന്ന് എസ്എഫ്ഐ, ഡിസിസി പ്രസിഡന്റിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു

പിന്നാലെ, ധീരജിനെ കൊലപ്പെടുത്തിയത്  പ്രതികരിച്ച് സി പി മാത്യു രംഗത്തെത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി പി മാത്യു ആരോപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ് ഐ നേതാക്കളായ വിഷ്ണു, ടോണി കൂര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നും സി പി മാത്യു കൂട്ടിച്ചേര്‍ത്തു.

ധീരജിന്‍റെ കൊലപാതകം എസ്എഫ്ഐക്ക് പറ്റിയ കൈയ്യബദ്ധമാണ്. ധീരജിന്‍റെ അനുഭവം ഉണ്ടാകരുത് എന്ന് എസ്എഫ്ഐക്കാരെ മുതിർന്ന നേതാവ് എന്ന നിലയിൽ ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. ഈ  പ്രസ്ഥാവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സി പി മാത്യു വിശദീകരിച്ചു.

Read More: ധീരജിനെ കൊലപ്പെടുത്തിയത് എസ്എഫ്ഐക്കാരാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ്

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം