Asianet News MalayalamAsianet News Malayalam

വിവാദ പ്രസംഗവുമായി വീണ്ടും ഇടുക്കി ഡിസിസി പ്രസിഡന്റ്, 'അക്രമം തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകും'

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് സി.പി.മാത്യു

Provocative speech against SFI, Controversy over Idukki DCC President's statement
Author
Idukki, First Published Jun 27, 2022, 12:25 PM IST

ഇടുക്കി: പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സി.പി.മാത്യുവിന്റെ ഭീഷണി പ്രസംഗം. രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് വിവാദ പരാമർശം. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് മരിച്ചത്.

ഇതാദ്യമായല്ല സി.പി.മാത്യുവിന് പ്രസംഗത്തിനിടെ നാക്ക് പിഴയ്ക്കുന്നത്. നേരത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി.മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജി ചന്ദ്രൻ നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സി.പി.മാത്യുവിനെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു. കോൺഗ്രസിൽ നിന്ന് കൂറുമാറി രാജി ചന്ദ്രൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ. 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീവിരുദ്ധ പരാമർശം; സി പി മാത്യുവിനെതിരെ കേസ്

ബാർ‍ബേഴ്സ് അസോസിയേഷനും നേരത്തെ സി.പി.മാത്യുവിനെതിരെ രംഗത്ത് വന്നിരുന്നു. വണ്ടിപ്പെരിയാറിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെ നടത്തിയ പ്രസംഗമാണ് അന്ന് അദ്ദേഹത്തെ വെട്ടിലാക്കിയത്. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തൊട്ടുപിന്നാലെ മുടിവെട്ടുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ബാര്‍ബര്‍മാരെ അവഹേളിച്ച സി.പി.മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്
 

Follow Us:
Download App:
  • android
  • ios