
തൃശൂർ : കേരള കാര്‍ഷിക സര്‍വ്വകലാശയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് സിപിഎം അനുകൂല സംഘടന നടത്തുന്ന സമരം ഇന്ന് അന്പതാം ദിവസത്തിലേക്ക്. സംഘടനാ നേതാവിനെതിരായ തരംതാഴ്ത്തൽ നടപടി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിന് കൃഷി മന്ത്രി ചര്‍ച്ച വിളിക്കാനുള്ള സാധ്യത തെളിഞ്ഞു'
കേരളത്തിന്‍റെ കാര്‍ഷിക വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കേണ്ട കാര്‍ഷിക സര്‍വ്വകലാശാലയില്‍ കഴിഞ്ഞ അന്പത് ദിവസമായി സമരം. രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.വി. ഡെന്നിയെ തരം താഴ്തിയതിനെതിരെയാണ് സമരം. ഓഫീസ് ഉപരോധം നടക്കുന്നതിനാല്‍ രജിസ്ട്രാര്‍ ഇവിടേക്ക് വരുന്നില്ല. ക്ലാസുകള്‍ മുടങ്ങി. ജീവനക്കാരില്‍ ഭൂരിഭാഗവും സമരത്തിലായതിനാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും താളം തെറ്റി. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ റാങ്കിങ്ങില്‍ കഴിഞ്ഞ കൊല്ലം 28ാം സ്ഥാപത്തേക്ക് കൂപ്പുകുത്തിയ കാര്‍ഷിക സര്‍വ്വകലാശാല ഇനിയും താഴേക്ക് പോകാനുള്ള വഴിയൊരുങ്ങുന്പോഴും കൃഷിമന്ത്രിയും ജനറല്‍ കൗണ്‍സിലംഗവുമായ മന്ത്രി കെ.രാജനും സമരം കണ്ടില്ലെന്ന് നടിച്ചു.
ഒടുവില്‍ കഴിഞ്ഞ ദിവസം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സിലറുടെ ചുമതല വഹിക്കുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷ്ണര്‍ ഇഷിത റോയിയോട് റിപ്പോര്‍ട്ട് തേടി. സമരക്കാരുടെ വിശദാംശങ്ങളും ആരാഞ്ഞു.
ഗവര്‍ണറുടെ നീക്കത്തിന് പിന്നാലെ സമര സമിതി കൃഷിമന്ത്രിക്ക് ആവശ്യങ്ങളുന്നയിച്ച് കത്തു നല്‍കി. കത്ത് പരിഗണിച്ച് സമരക്കാരുമായി മന്ത്രി വരും ദിവസങ്ങളില്‍ ചര്‍ച്ച വിളിക്കുമെന്നാണ് സൂചന. ഒത്തുതീര്‍പ്പാകുംവരെ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഭരണ സ്തംഭനം തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam