അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ. പദ്ധതിച്ചെലവിൻ്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയതോടെ തടസ്സങ്ങളെല്ലാം നീങ്ങിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സ്വപ്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകും

കൊച്ചി: അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയ്ക്കുള്ള തടസ്സങ്ങൾ എല്ലാം നീങ്ങിയെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാറുമായി ചേർന്ന് വേഗത്തിലാക്കിയെന്ന് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി. 3810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് വേഗത്തിലാക്കാൻ നടപടി തുടങ്ങിയതെന്ന് സതേൺ റെയിൽവെയുടെ നിർമ്മാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ഹൈാക്കോടതിയെ അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് സംസസ്ഥാന സർക്കാറിന്‍റെ വിവിധ വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്നും പദ്ധതി വേഗത്തിലാക്കാൻ നടപടിയെടുത്തെന്നും കോടതിയെ അറിയിച്ചു. പദ്ധതി ചെലവിന്‍റെ അമ്പത് ശതമാനം തുകയായ 1900 കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് സ്വപ്ന പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയത്. കിഫബിയിൽ നിന്ന് അമ്പത് ശതമാനം തുകയായ 1900 കോടി രൂപ നൽകാമെന്നറിയിച്ച് സംസ്ഥാന നൽകിയ കത്തും കോടതിയിൽ ഹാജരാക്കി. കേന്ദ്ര നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി പൊതു താൽപ്പര്യ ഹ‍ർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

3 പതിറ്റാണ്ട് പിന്നിട്ട സ്വപ്നം

മൂന്ന് പതിറ്റാണ്ട് മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണ് ശബരി റെയിൽപാത. ആകെ ചെലവിന്‍റെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഏറ്റതോടെയാണ് കേന്ദ്രം മരവിപ്പിച്ച പദ്ധതിയക്ക് ജീവൻ വെച്ചത്. 111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി – എരുമേലി ശബരിപാത 1997 ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പ ഭക്തർക്കും ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുന്നതാകും റെയിൽപാത.