
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. മുൻകാലത്ത് പത്മ പുരസ്കാരം നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സിപിഎം വിശദീകരണം. പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പ്രതികരണം. പാര്‍ട്ടിയുടെ നിലപാടിൽ ആകാംക്ഷയുണ്ടായിരുന്നു. പത്മ പുരസ്കാരം ലഭിച്ചതിലും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടതിലും സന്തോഷമുണ്ട് എന്നായിരുന്നു വിഎസിന്‍റെ മകൻ അരുണ്‍കുമാര്‍ പ്രതികരിച്ചത്. സിപിഎം നേതാക്കള്‍ പുരസ്കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നിൽക്കുമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.
പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നുമുള്ള രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി മുൻപ് പുരസ്കാരങ്ങള്‍ നിരസിച്ചത്. രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത് നരസിംഹറാവു സർക്കാരിന്റെ കാലത്താണ്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്‌കാരം നിരസിച്ചു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചു. എന്നാൽ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും പാർട്ടിയും സ്വീകരിച്ചത്. അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകിയെങ്കിലും അദ്ദേഹവും പുരസ്‌കാരം നിരസിക്കുകയാണുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam