
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം പ്രതിൻ സാജ് കൃഷ്ണ അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണം. വിഭാഗീയതക്കും അഴിമതി ആരോപണത്തിനും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗം നാല് ഏര്യാ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
കടുത്ത വിഭാഗീയത, ഒന്നിന് പിന്നാലെ ഒന്നായി അഴിമതി ആരോപണങ്ങൾ തെറ്റുതിരുത്താനും മുഖം നോക്കാതെ നടപടിക്കും മടിക്കില്ലെന്ന് ആവര്‍ത്തിച്ചാണ് സിപിഎം ജില്ലാ നേതൃത്വത്തിൽ ശുദ്ധീകരണ പ്രക്രിയ തുടരുന്നത്. ഡിവൈഎഫ്ഐ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം പോലും പാതി വഴിയിൽ നിലച്ച പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസ് പാര്‍ട്ടി അന്വേഷിക്കും. പ്രതിപക്ഷം ശക്തമായ സമരങ്ങൾ നടത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇതുവരെ. പാര്‍ട്ടിയിലും ബഹുജന സംഘടകളിലും കുറ്റാരോപിതര്‍ കൂടുതൽ കരുത്തരായി. തെറ്റുതിരുത്തൽ നയരേഖയുടെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾക്ക് ഒടുവിലാണ് അന്വേഷണ പ്രഖ്യാപനം. സി ജയൻ ബാബുവും എസ് പുഷ്പലതയുമാണ് കമ്മീഷൻ അംഗങ്ങൾ. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയിൽ ശക്തമായ വിഭാഗീയതക്കെതിരെയും കര്‍ശന നടപടികളാണ്.
നാല് ഏര്യാ സെക്രട്ടറിമാരെ മാറ്റാനും ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി, ശ്രീകാര്യം ഏരിയ സെക്രട്ടറി അനിൽ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവരെയാണ് മാറ്റുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിതുരയിലും നേമത്തും ഏരിയാ സെക്രട്ടറിമാർക്കെതിരെ വിഭാഗീയത ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam