
തിരുവല്ല : പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിൻ്റെ പേരിൽ തിരുവല്ല സിപിഎമ്മിൽ തർക്കം രൂക്ഷമാവുന്നു. ഇന്നലെ വൈകിട്ട് ചേർന്ന ടൗൺ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. സജിമോനെതിരെ തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം പോസ്റ്ററുകൾ പതിച്ചു. തിരുവല്ല പൗരസമിതി എന്ന പേരിലാണ് പോസ്റ്ററുകൾ. അവിഹിതത്തിലുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ ഔദ്യോഗിക വിഭാഗത്തിന്റെ ഇടപെടലിൽ കൺട്രോൾ കമ്മീഷനാണ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ സജിമോനെ തിരിച്ചെടുത്ത നടപടിയെ സിപിഎം നേതൃത്വം ന്യായീകരിക്കുകയാണ്. തിരിച്ചെടുക്കൽ നടപടിയിൽ ഒരു തെറ്റുമില്ലെന്നും പരാതിയുള്ളവർക്ക് പാർട്ടിയുടെ ഉപരി കമ്മിറ്റികളെ സമീപിക്കാമെന്നും സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആൻറണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സജിമോന് എതിരായ കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതിയാണ്. പാർട്ടിക്ക് അതു നോക്കേണ്ട ആവശ്യമില്ല. സജിമോനെ തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ ഇന്നലെ ചേർന്ന ലോക്കൽ കമ്മിറ്റിയിൽ ഒരു തർക്കവും ഉണ്ടായില്ല.പോസ്റ്ററുകൾ പതിച്ചത് ആരാണ് എന്ന് അന്വേഷിക്കുമെന്നും തിരുവല്ല ഏരിയാ സെക്രട്ടറി അറിയിച്ചു.
മനപ്പൂർവം അപമാനിക്കാനാണ് പോസ്റ്ററുകളെന്ന് സജിമോൻ
പാർട്ടിയെയും തന്നെയും മനപ്പൂർവം അപമാനിക്കാനാണ് പോസ്റ്ററുകളെന്ന് സി.സി.സജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത്. ചുവന്ന തിരുവല്ല എന്ന ഫേസ്ബുക്ക് പേജ് വഴിയും ഒരു വിഭാഗം കുറേക്കാലമായി വ്യാജ പ്രചരണം നടത്തുന്നു. ഫേസ്ബുക്ക് പേജ് തുടങ്ങിയത് തന്നെ അപമാനിക്കാനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam