ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്

Published : Dec 25, 2025, 11:09 AM IST
umesh vallikkunnu

Synopsis

'ഇന്നലെ, പിരിച്ചു വിട്ട ഉത്തരവ് വന്നപ്പോൾ മുതൽ ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. മറുപടി അർഹിക്കുന്നുമില്ല'- ഉമേഷ് വള്ളിക്കുന്ന് പറയുന്നു.

കോഴിക്കോട്: പൊലീസ് സേനയിൽനിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേരള പൊലീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് (യു ഉമേഷ്). പുറത്താക്കിയ ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിച്ചും തനിക്കൊപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞും ഉമേഷ് ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. പിരിച്ചുവിടൽ ഉത്തരവുമായി പത്തനംതിട്ട എസ്. പി. യുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ, വീട് കണ്ടുപിടിച്ച്, കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നുവെന്ന് ഉമേഷ് ആരോപിച്ചു.

'ഇന്നലെ, പിരിച്ചു വിട്ട ഉത്തരവ് വന്നപ്പോൾ മുതൽ ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. മറുപടി അർഹിക്കുന്നുമില്ല. രണ്ടായിരത്തോളം വരുന്ന അവരും അവരുടെ തമ്പ്രാക്കാളും ഒഴികെ ബാക്കി സഖാക്കൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയക്കാരും ഈ പിരിച്ചുവിടലിന്റെ രാഷ്ട്രീയവും സ്വഭാവവും മനസ്സിലാക്കിയിട്ടിട്ടുണ്ട് എന്നത് അഭിമാനമാണ്- ഉമേഷ് വള്ളിക്കുന്ന് പറയുന്നു. സേനയിലെ അച്ചടക്കം തുടർച്ചയായി ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഉമേഷിനെ സംസ്ഥാന പൊലീസ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്.

'പ്രതീക്ഷയോടെ കാത്തിരുന്ന ആ "ഡിസ്മിസ്സൽ ഓർഡർ" ഇന്നലെ കൈപ്പറ്റി. 'പത്തനംതിട്ട എസ്. പി. യുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ, വീട് കണ്ടുപിടിച്ച്, കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നു. കൂടെ ജിഎസ്ടിയിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ ഒരാളും ഉണ്ടായിരുന്നു. വീട്ടിൽ ഞാൻ ഉണ്ടായിരുന്നില്ല. ഞാൻ പുറത്ത് പോയതാണെന്ന് പറഞ്ഞു. വിശ്വാസം വരാത്ത അവർ അകത്തു കേറിക്കോട്ടെ എന്ന് ചോദിച്ച് അകത്തു കയറി കാത്തിരുന്നു. താൻ എത്തി ഉത്തരവ് കൈപ്പറ്റി. എന്നാൽ അവർ തിരിച്ചു പോയ ശേഷമാണ്, അവരുടെ സാന്നിധ്യം ഉണ്ടാക്കിയ അസ്വസ്ഥതയെക്കുറിച്ച് വീട്ടിലുണ്ടായിരുന്നവർ പറഞ്ഞത്- ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു

സ്ത്രീകൾ മാത്രമുള്ള, പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പുരുഷുക്കളായ പോലീസുകാർ മിനിമം മര്യാദ കാണിക്കണം എന്നാണ് ഞാൻ കരുതുന്നത്. ഒരു കോൾ ചെയ്താൽ ഓർഡർ വാങ്ങാതെ മുങ്ങുന്ന പൊലീസുകാരനാണ് ഞാൻ എന്ന് പത്തനംതിട്ട എസ്പിക്കോ വന്ന പോലീസ് ഓഫീസർക്കോ ചിന്തയുള്ളത് കൊണ്ടാണ് ഈ പെരുമാറ്റം എങ്കിൽ സഹതാപം മാത്രമേയുള്ളു. കൊടുത്ത മറുപടി അവർക്ക് തൃപ്തികരമല്ലാത്തതായിനാൽ പിരിച്ചു വിടും എന്ന് നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ്. അത് സംഭവിച്ചു. 21.12.2025 തീയതിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ മുതൽ ഞാൻ സർവീസിൽ ഇല്ല. പോലീസുകാരൻ എന്ന തൊഴിലിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു- ഉമേഷ് പറഞ്ഞു.

അപ്പീൽ, കേസ് എന്നിങ്ങനെ നടപടിക്രമങ്ങൾ കഴിഞ്ഞ് തിരിച്ചു കയറുകയാണെങ്കിൽ മാത്രമെ ഇനി ഞാനൊരു പോലീസുകാരൻ ആകുകയുള്ളു. അതുവരെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ. കേസും വ്യവഹാരങ്ങളും ക്രമത്തിൽ നടന്നു കൊള്ളും. അവസാനത്തെ വീഴ്ച വരെ നമ്മൾ പൊരുതും. 22 വർഷത്തെ പോലീസ് ജീവിതമാണ് അവസാനിച്ചത്. പിഎസ്സി അപേക്ഷ പൂരിപ്പിച്ച് അയച്ച അനിയത്തി ഉമ മുതൽ ഇന്നീ പോസ്റ്റ്‌ വായിക്കുന്നവർ വരെ ആയിരക്കണക്കിന് മനുഷ്യരോട് കടപ്പെട്ടിരിക്കുന്നു ഈ ഔദ്യോഗിക ജീവിതം. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു.

ജീവിക്കാൻ ഇനി എന്ത് ചെയ്യും എന്ന ചോദ്യം ഉണ്ട്. ജനുവരി മുതൽ മറ്റൊരു തൊഴിൽ മേഖലയിലേക്ക് കടക്കും. കുറച്ച് അടുത്ത സുഹൃത്തുക്കളോട് കടം വാങ്ങിയിട്ടുണ്ട്. അത് കിട്ടില്ലെന്ന്‌ ആശങ്ക അവർക്ക് ഇല്ല എന്നതാണ് ആശ്വാസവും വിശ്വാസവും. ലോണുകൾക്ക് സാവകാശം എടുക്കും. പെന്റിങ് ഉള്ളത് ബുദ്ധിമുട്ടിക്കാതെ തരാൻ പത്തനതിട്ട എസ്. പി. മര്യാദ കാണിക്കും എന്ന് കരുതുന്നുവെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ