'അൽപ്പനിമിഷം നിലച്ച ഹൃദയമാണ് നിങ്ങൾ വീണ്ടും പ്രവർത്തിപ്പിച്ചത്'; നന്ദി പറയാൻ മണ്ണുത്തി സ്റ്റേഷനിലെത്തി ജോൺസൻ

Published : Jul 23, 2025, 07:32 PM IST
man rescued by kerala police came to express gratitude

Synopsis

ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയ ജോൺസൻ, കുഴഞ്ഞു വീണതിനു ശേഷമുണ്ടായ സംഭവങ്ങളെല്ലാം മകളിൽ നിന്ന് അറിഞ്ഞപ്പോൾ മണ്ണുത്തി സ്റ്റേഷനിലേക്കൊന്നു പോകണമെന്ന ആഗ്രഹം പ്രകടപ്പിച്ചു

തൃശൂർ: തൈക്കാടൻ വീട്ടിൽ ജോൺസൻ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ എത്തിയത് എന്തെങ്കിലും പരാതി ബോധിപ്പിക്കാനായിരുന്നില്ല. അൽപ്പ നിമിഷം നിലച്ച ഹൃദയം വീണ്ടും പ്രവർത്തിപ്പിച്ച് തന്നതിന് പൊലീസുകാരോട് നേരിൽ കണ്ട് നന്ദി പറയാനായിരുന്നു സ്റ്റേഷൻ സന്ദർശനം. സന്തോഷത്തോടെ നന്ദി അറിയിച്ച് ആംബുലൻസിനു സമീപം നിന്ന് നിറഞ്ഞ ചിരിയോടെ പൊലീസുകാർക്കൊപ്പം ഫോട്ടോ എടുത്താണ് ജോണസൻ മടങ്ങിയത്.

ആ സംഭവമിങ്ങനെ...

ജൂലൈ 20നാണ് മുളയം റോഡിലുള്ള തൈക്കാടൻ വീട്ടിൽ ജോൺസൻ പറവട്ടാനിയിലുള്ള മകളുടെ വീട്ടിലേക്ക് പോയത്. അന്നു തന്നെ വൈകീട്ട് ആറു മണിയോടെ മകളും പേരക്കുട്ടിയുമായി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിൽ നെഞ്ചുവേദന തോന്നിയ ജോൺസൻ ആകെ വിയർത്തു. സീറ്റിൽ തളർന്ന് കിടന്നു. അസ്വസ്ഥത മകളോട് പറഞ്ഞ ഉടൻ തന്നെ ജോൺസൻ കുഴഞ്ഞുവീണു. പിന്നീട് അപസ്മാര ലക്ഷണങ്ങളോടെ രക്തം ഛർദ്ദിക്കാനും തുടങ്ങി. ഇതുകണ്ട് എല്ലാവരും ആകെ പരിഭ്രാന്തിയിലായി. പേരക്കുട്ടി കരയാൻ തുടങ്ങി. മണ്ണൂത്തി പൊലീസ് സ്റ്റേഷനിൽ ആംബുലൻസ് സംവിധാനമുണ്ടെന്ന് മനസ്സിലാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ ഉടൻ തന്നെ വാഹനം സ്റ്റേഷനിലെത്തിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അപ്പോഴേക്കും ജോൺസൻ ആകെ അവശ നിലയിലായിരുന്നു.

വിവരം അറിഞ്ഞ ഇൻസ്പെക്ടർ ബൈജു ഉടൻ തന്നെ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈൻ, കിരൺ എന്നിവരുമായി ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ അറിയിച്ചു. ആംബുലൻസിൽ കിടത്തിയ ജോൺസന് ചലനമില്ല എന്ന് മനസ്സിലാക്കിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തും വരെ സി പി ആർ നൽകാൻ തുടങ്ങി. നഴ്സായ മകളും പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ജോൺസനെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

'അൽപ്പനിമിഷം നിലച്ച ഹൃദയമാണ് നിങ്ങൾ വീണ്ടും പ്രവർത്തിപ്പിച്ചത്. കൃത്യസമയത്തുതന്നെ എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു'- ഐസിയുവിൽ നിന്നും പുറത്തുവന്ന ഡോക്ടറിൽ നിന്നും ഇതുകേട്ടപ്പോൾ മകൾക്ക് സന്തോഷം അടക്കാനായില്ല.

ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയ ജോൺസൻ കുഴഞ്ഞു വീണതിനു ശേഷമുണ്ടായ സംഭവങ്ങളെല്ലാം മകളിൽ നിന്നും പറഞ്ഞു കേട്ടപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു- "എനിക്ക് മണ്ണുത്തി സ്റ്റേഷനിലേക്കൊന്നു പോകണം പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടു കാണണം".

അടുത്ത ദിവസം സ്റ്റേഷനിൽ നിന്നും ഇൻസ്പെക്ടർ ബൈജു, ജോൺസനെ ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വളരെ സന്തോഷത്തോടെ തന്നെ വിവരങ്ങൾ അറിയിച്ച ജോൺസൻ അടുത്ത ദിവസം തന്നെ താൻ സ്റ്റേഷനിലേക്ക് വരുന്നുണ്ടെന്നും ഇൻസ്പെക്ടറെ അറിയിച്ചു.

കഴിഞ്ഞ ദിവസം ജോൺസൻ മണ്ണുത്തി പോലീസ് സ്റ്റേഷനിലെത്തി. ഇൻസ്പെക്ടർ ബൈജുവിനേയും മറ്റു പൊലീസുദ്യോഗസ്ഥരെയും കണ്ട് സന്തോഷത്തോടെ നന്ദി അറിയിക്കുകയും ആംബുലൻസിനു സമീപം നിന്ന് നിറഞ്ഞ ചിരിയോടെ ഫോട്ടോ എടുക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' പുസ്തകത്തിനെതിരെ എംടിയുടെ മകൾ; 'പുസ്തകം പിൻവലിക്കണം, അച്ഛനെക്കുറിച്ച് പറയുന്നത് കുടുംബത്തെ ബാധിക്കും'
പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; വിഡി സതീശൻ