നെട്ടൂർ-കുണ്ടന്നൂ‍ർ പാലത്തിലെ വിള്ളൽ: വിദഗ്ധ സംഘം പരിശോധിച്ചു

By Web TeamFirst Published Jun 22, 2019, 2:41 PM IST
Highlights

യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് 29 കോടി രൂപ മുടക്കി പാലം നിർമ്മിച്ചത്. ഗതാഗതത്തിന് തുറന്ന് കൊടുത്തത് രണ്ട് മാസം മുമ്പും..

കൊച്ചി: എറണാകുളം നെട്ടൂർ - കുണ്ടന്നൂർ സമാന്തര പാലത്തിലുണ്ടായ വിള്ളൽ പൊതുമരാമത്ത് വകുപ്പിലെയും കൺസ്ട്രക്ഷൻ കോർപ്പറേഷനിലെയും ഉദ്യോഗസ്ഥർ പരിശോധിച്ചു. വിദഗ്ധ ഉപദേശം തേടിയ ശേഷം ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

നെട്ടൂർ - കുണ്ടന്നൂർ സമാന്തര പാലത്തിൽ നെട്ടൂർ ഭാഗത്ത് നിന്നുള്ള രണ്ടാമത്തെ സ്പാനിലാണ് രണ്ട് ഭാഗത്തായി ഒരു മീറ്ററോളം നീളത്തിൽ വിള്ളലുള്ളത്.  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇന്നലെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. കൺസ്ട്രക്ഷൻ കോർപ്പറേഷൻ കേരളയാണ് പാലത്തിന്‍റെ കരാർ എറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കിയത്. 

കൂടുതൽ പരിശോധനകൾക്കായാണ് ഇരു വിഭാഗത്തിലെയും ഉദ്യോഗസ്ഥരെത്തിയത്. പുതിയതായി നിർമ്മിക്കുന്ന പാലങ്ങൾക്ക് മുകളിൽ ടാറിംഗിന് പകരം മൂന്നിഞ്ച് കനത്തിൽ ഫൈബർ കോട്ടിംഗ് നടത്താറുണ്ട്. ഇതിൽ മാത്രമാണ് വിള്ളലുള്ളതെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

വിദഗ്ധ ഉപദേശം ലഭിച്ച ശേഷം ആവശ്യമെങ്കിൽ ഈ ഭാഗത്ത് പുതിയ ഫൈബർ കോട്ടിംഗ് നടത്തും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് 29 കോടി രൂപ മുടക്കി നെട്ടൂർ - കുണ്ടന്നൂർ സമാന്തര പാലം നിർമ്മിച്ചത്. രണ്ട് മാസം മുമ്പാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്.

click me!