സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഇവരുടെ മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.

അതേസമയം ലൈംഗികാതിക്രമം നടന്നെന്നു യുവതി ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി ഇന്ന് പൊലീസ് രേഖപെടുത്തി. ബസിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നു. അപ്പോഴാണ് ദീപക് മരിച്ചതായി കാണുന്നത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് ദീപക്. ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് ദീപക്കിനെതിരെ വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ദീപക് ജീവനൊടുക്കിയത്.

YouTube video player