Latest Videos

പൊട്ടിയതോ പൊട്ടിച്ചതോ? ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

By Web TeamFirst Published May 4, 2024, 8:01 AM IST
Highlights

ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകർന്നതിൽ പങ്കുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി തലവൻ വി കെ പ്രശാന്ത് എംഎൽഎയുടെ ആരോപണം.

തിരുവനന്തപുരം: ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത. നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം. അതേസമയം ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകർന്നതിൽ പങ്കുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി തലവൻ വി കെ പ്രശാന്ത് എംഎൽഎയുടെ ആരോപണം.

ടൂറിസം വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജായിരുന്നു ആക്കുളത്തേത്. 52 അടി നീളവും 16 മീറ്റര്‍ ഉയരവും ഉള്ള നിര്‍മ്മിതി. പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാരുടെ പാനൽ അംഗീകരിച്ച പ്ലാനിൽ ഡിടിപിസിക്കായിരുന്നു ചുമതല. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വട്ടിയൂര്‍കാവ് യൂത്ത് എന്റര്‍പ്രണേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി അഥവ വൈപ്പോസ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് ചില്ലിൽ പൊട്ടലുണ്ടായത്. പാനലിന് ഒരു ടൺ തൂക്കം വരുന്ന മൂന്ന് പാളികളുപയോഗിച്ച് 36 മില്ലി മീറ്റര്‍ കനത്തിലാണ് നിര്‍മ്മാണം. നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. വലിയ ചില്ലുപാലമായിട്ടും മുൻപരിചയം ഇല്ലാത്ത സ്ഥാപനത്തിന് കരാർ നൽകിയതിൽ നേരത്തെ ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇടത് എംഎൽഎ തലപ്പത്തുള്ള സ്ഥാപനത്തെ തെര‍ഞ്ഞെടുത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉറപ്പാണ്. പക്ഷെ ഗേജ് കൂടിയ ഗ്ലാസ് പൊട്ടിയതിന് പിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് വൈപ്പോസിന്‍റെ പരാതി.

സിഇടിയി നിന്നുള്ള വിദഗ്ധ സംഘം പ്ലാൻ പരിശോധിച്ചിരുന്നു എന്നും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷൻ സൊസൈറ്റി നിര്‍മ്മാണ പുരോഗതി വിലയിരുത്തിയതാണെന്നും കോഴിക്കോട് എൻഐടിയാണ് അന്തിമ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്നും വൈപ്പോസ് അവകാശപ്പെടുന്നു. നിര്‍മ്മാണ കമ്പനി അട്ടിമറി ആരോപിക്കുമ്പോൾ അതിക്രമിച്ച് കയറിയതിനടക്കം പരാതി നൽകാൻ ഡിടിപിസി ഇതുവരെ തയ്യാറായിട്ടുമില്ല. പൊട്ടിയ ചില്ലിന് പകരം എത്തിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാൻ തീരക്കിട്ട ശ്രമങ്ങളിലാണിപ്പോൾ അധികൃതര്‍.

click me!