Latest Videos

ഉള്ളുനീറുന്ന വിട; അമ്മ കൊന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്ത് ആദരപൂര്‍വം സംസ്കാരം നടത്തി പൊലീസ്

By Web TeamFirst Published May 6, 2024, 4:45 PM IST
Highlights

അലങ്കരിച്ച കുഞ്ഞുപെട്ടി കുഴിയിലേക്ക് എടുത്തുവയ്ക്കുന്ന നിമിഷം ചുറ്റും കൂടിയവരുടെയെല്ലാം കണ്ണ് നനഞ്ഞു. പൊലീസുകാര്‍ കൂട്ടത്തോടെ എത്തി കുഞ്ഞിന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കുംവിധം സല്യൂട്ട് നല്‍കിയതും നൊമ്പരക്കാഴ്ചയായി. 

എറണാകുളം: പനമ്പിള്ളി നഗറില്‍ അമ്മ കൊലപ്പെടുത്തി ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്ത് ആദരപൂര്‍വം സംസ്കരിച്ച് പൊലീസ്. കൊച്ചിയിലെ പൊതു ശ്മശാനത്തിലാണ് കുഞ്ഞിന്‍റെ മൃതദേഹം അടക്കം ചെയ്തത്. 

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ചോരക്കുഞ്ഞിന്‍റെ മൃതദേഹം.  അറസ്റ്റിലായി ആശുപത്രിയില്‍ റിമാൻഡില്‍ കഴിയുന്ന അമ്മയുടെ അനുവാദപ്രകാരമാണ് പൊലീസ് കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്ത് കൊച്ചി കോര്‍പറേഷന്‍റെ പുല്ലേപ്പടി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചത്. കുഞ്ഞിന്‍റെ സംസ്കാരം വീട്ടില്‍ നടത്താനുള്ള പ്രയാസങ്ങള്‍ കുടുംബം അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താൻ മുന്നിട്ടിറങ്ങിയത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച് മൂന്ന് മണിക്കൂര്‍ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ അമ്മ തന്നെ കൊന്ന് ഫ്ളാറ്റില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേരളത്തെയൊട്ടാകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായതാണെന്നും അങ്ങനെ ഗര്‍ഭം ധരിച്ചു, എന്നാല്‍ വീട്ടുകാരെ അടക്കം ഇത് മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് സൂചന. അതേസമയം ലൈംഗികാതിക്രമത്തിന് ഇരയായതല്ല, തൃശൂരുള്ള യുവാവുമായി ബന്ധമുണ്ടായിരുന്നതാണ് ഗര്‍ഭധാരണത്തിലേക്ക് എത്തിച്ചതെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്.

അടുത്തിടെ രണ്ടാനച്ഛനും അമ്മയും കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിനെ അടക്കം ചെയ്തതിന് തൊട്ടടുത്തായാണ് ഈ കുഞ്ഞിന്‍റെയും മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. അലങ്കരിച്ച കുഞ്ഞുപെട്ടി കുഴിയിലേക്ക് എടുത്തുവയ്ക്കുന്ന നിമിഷം ചുറ്റും കൂടിയവരുടെയെല്ലാം കണ്ണ് നനഞ്ഞു. പൊലീസുകാര്‍ കൂട്ടത്തോടെ എത്തി കുഞ്ഞിന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കുംവിധം സല്യൂട്ട് നല്‍കിയതും നൊമ്പരക്കാഴ്ചയായി. 

കൊച്ചി മേയര്‍ എം അനില്‍കുമാറും സംസ്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എല്ലാവരെയും സങ്കടപ്പെടുത്തുന്നൊരു സംഭവം എന്നേ ഇതെക്കുറിച്ച് ആര്‍ക്കും പറയാനുള്ളൂ. 

വാര്‍ത്തയുടെ വീഡിയോ...

 

Also Read:- താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

click me!