എന്നും കണ്ണീരോർമ്മയായി ആലുവയിലെ അഞ്ചുവയസ്സുകാരി; വിങ്ങിപ്പൊട്ടി, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

Published : Jul 30, 2023, 11:16 AM ISTUpdated : Jul 30, 2023, 11:50 AM IST
എന്നും കണ്ണീരോർമ്മയായി ആലുവയിലെ അഞ്ചുവയസ്സുകാരി; വിങ്ങിപ്പൊട്ടി, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

Synopsis

അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. 

കൊച്ചി: ആലുവയിൽ അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾ ഇനി അവസാന ഉറക്കത്തിലേക്ക്. കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിവൈകാരിക നിമിഷങ്ങളായിരുന്നു ഇവിടെ. ഒരു നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് കീഴ്മാട് ശ്മശാനം.

മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസ്സുകാരിക്ക്. അതിൽ മൂത്തകുട്ടിക്ക് മാത്രമേ അനിയത്തിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ബാക്കി രണ്ട് സഹോദരങ്ങൾ ചേച്ചിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നിൽക്കുന്ന അച്ഛനും കണ്ണീർക്കാഴ്ചയായി. ഈ ദുരന്തത്തെ തുടർന്ന് നാടെങ്ങും വൻപ്രതിഷേധമാണ് ഉയരുന്നത്.

ഇന്നലെയാണ് ആലുവയിൽ അഞ്ചുവയസ്സുകാരി പെൺകു‌ഞ്ഞിനെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടത്തിയ പ്രതി അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. പിന്നീട് പെൺകുഞ്ഞിനെ കണ്ടെത്തുന്നത് ആലുവ മാർക്കറ്റിനുള്ളിൽ ചേതനയറ്റ മൃതദേഹമായിട്ടാണ്. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിലും ആന്തരീകാവയവങ്ങളിലും ​ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോ​ഗത്തിനിടെ ആ കുഞ്ഞുശരീരം മുഴുവൻ മുറിവുകളുണ്ടായിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. 

ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുന്നത്. കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങളും പൊലീസിന് ലഭിച്ചില്ല. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചത്. കുഞ്ഞ് അതിക്രൂര പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ബലാത്സം​ഗത്തിന് ശേഷം പ്രതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അതിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. 

Read More: ആരാണ് നമ്മെ സംരക്ഷിക്കേണ്ടത്? പെൺമക്കളുള്ള രക്ഷിതാക്കൾക്ക് തോക്ക് അനുവദിക്കൂ'; അഖിൽ മാരാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി