
തൃശൂർ: ചാലക്കുടിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡെനി ചാക്കോയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ ആശയ കുഴപ്പം. ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ അറകൾ ഉള്ള സെമിത്തേരി ആയതിനാൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്താൻ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്. പള്ളിപറമ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പളളി കമ്മിറ്റി വ്യക്തമാക്കി,
ഡെനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ കോണ്‍ക്രീറ്റ് അറകൾ ഉള്ള സെമിത്തേരി ആണ് ഉള്ളത്. പ്രോട്ടോകോൾ പ്രകാരം 12 അടി ആഴത്തിൽ കുഴി എടുത്ത് ഇവിടെ സംസ്കരിക്കാൻ ആവില്ല. പള്ളിപ്പറമ്പിൽ സംസ്കാരം നടത്താൻ അധികൃതർ ഒരുക്കമാണ്. എന്നാൽ, പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിന് എതിരാണ്. ചതുപ്പുള്ള പ്രദേശമായതിനാൽ അഞ്ച് അടി കുഴി എടുക്കുമ്പോഴേക്കും വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്ക് പടരുമെന്നുമാണ് ഇവരുടെ ആശങ്ക,
എന്നാൽ, പള്ളിയിൽ തന്നെ സംസ്കരിക്കണം എന്നാണ് ഡനിയുടെ കുടുംബത്തിന്റെ നിലപാട്. നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ച ശേഷം അവശേഷിപ്പുകൾ കല്ലറയിൽ വൈക്കം എന്ന നിർദേശം കുടുംബം തള്ളി. ഇരു വിഭാഗങ്ങളുടെയും നിലപാട് ചാലക്കുടി തഹസിൽദാർ തൃശൂർ ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഡെനി തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam