ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം: മൃതദേഹം സംസ്കരിക്കുന്നത് മുടങ്ങി

By Web TeamFirst Published Mar 18, 2019, 10:52 PM IST
Highlights

വാരിക്കോലി സെന്‍റ് മേരീസ് പള്ളിയിൽ തര്‍ക്കം. മൃതദേഹം സംസ്കരിക്കുന്നത് മുടങ്ങി. യാക്കോബായ സഭാ വിശ്വാസിയാണ് മരിച്ചത്. മൃതദേഹവുമായെത്തിയവരെ പൊലീസ് തടഞ്ഞു. തടഞ്ഞത് ഹൈക്കോടതി ഉത്തരവ് മുൻ നിർത്തി

വാരിക്കോലി: പള്ളി തർക്കത്തെ തുടർന്ന് എറണാകുളം വരിക്കോലിയിൽ മൃതതേഹം സംസ്കരിക്കുന്നത് മുടങ്ങി. മൃതദേഹവുമായി പള്ളിയിലെത്തിയ യാക്കോബായ വിഭാഗം വിശ്വാസികളെ പോലീസ് തടഞ്ഞതോടെയാണ് സംസ്കാരം മാറ്റിവെച്ചത്. പള്ളിയിലെ ചടങ്ങുകൾക്കുള്ള ചുമതല ഓർത്തഡോക്സ് വിഭാഗം വൈദികനാണ് ഹൈക്കോടതി നൽകിയതെന്ന് ചൂണ്ടികാട്ടിയായിരുന്നു പോലീസ് നടപടി.

ഏറെ കാലമായി പള്ളി തർക്കം നിലനിൽക്കുന്ന വരിക്കോലി സെന്‍റ് മേരീസ് പള്ളിയിലെ യാക്കോബായ സഭാ വിശ്വാസിയാണ് മരിച്ചത്. സംസ്കാരത്തിനായി ബന്ധുക്കൾ വൈദികർക്കൊപ്പം മൃതതേഹവുമായി പള്ളിയിലെത്തിയപ്പോഴാണ് മൂവാറ്റുപുഴ ആർ.ഡിഒയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞത്. സംസ്കാര ചടങ്ങിനായി യാക്കോബായ വിഭാഗം വൈദികരെ പള്ളിയിൽ കയറ്റാനാകില്ലെന്ന് പോലീസ് നിലപാട് എടുത്തു. ഓർത്തഡോക്സ് വിഭാഗം നിയമിച്ച വൈദികനാണ് പള്ളിയുടെ ചുമതലയെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മൃതദേഹവുമായി വിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ചു

പള്ളിയിൽ ചടങ്ങുകൾ നടത്താനുള്ള ചുമതല തങ്ങൾക്കാണെന്നും യാക്കോബായ വിഭാഗം വൈദികരെ പ്രവേശിപ്പിക്കാനാകില്ലെന്നും ഓർത്തഡോക്സ് വിഭാഗം നിലപാട് എടുത്തു. പള്ളിയുടെ അധികാരം സംബന്ധിച്ച സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകളും തങ്ങൾക്ക് അനുകൂലമാണ്. സംസ്കാരം തടസ്സപ്പെട്ടതോടെ മൃതദേഹം ബന്ധുക്കൾ ചോറ്റാനിക്കരയിലെ മോർച്ചറിയിലേക്ക് മാറ്റി. 

തർക്കത്തിൽ വ്യക്തത വന്നശേഷമേ സംസ്കാര ചടങ്ങുകൾ നടത്തൂവെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്. തങ്ങളുടെ ഒപ്പമുള്ള വൈദികരെ പങ്കെടുപ്പിച്ച് പള്ളിയിലെ ചടങ്ങുകൾ നടത്തണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെടുന്നത്.
 

click me!