കേരളം വ്യവസായ സൗഹൃദമായി മാറിയെന്ന് മുഖ്യമന്ത്രി. ഗെയ്ൽ പോലുള്ള പദ്ധതികൾ പൂർത്തിയാക്കിയതും നിയമങ്ങൾ സുതാര്യമാക്കിയതും മാറ്റത്തിന് കാരണമായി. 2016 ൽ പ്രധാനമന്ത്രി ഗെയ്ൽ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കാര്യക്ഷമമായ ഇടപെടലുകളുടെ ഫലമായി കേരളം ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റെ പുരോഗമന മുന്നേറ്റത്തിന് ഏഷ്യാനെറ്റ് ന്യൂസ് സഹായകമായെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. 2016 ൽ അധികാരത്തിൽ വരുമ്പോൾ വ്യവസായങ്ങൾക്ക് അനുയോജ്യമല്ലാത്ത നാട് എന്ന പ്രതിച്ഛായയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. എന്നാൽ എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തിയും, നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകൾ കർക്കശമായി അടിച്ചമർത്തിയും ഈ അന്തരീക്ഷം മാറ്റിയെടുക്കാൻ സർക്കാരിന് സാധിച്ചു. നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ട് വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടികൾ കൂടുതൽ സുതാര്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ൽ പ്രധാനമന്ത്രിയുടെ ചോദ്യം

സംസ്ഥാനത്തിന്റെ ജി ഡി പിയിൽ നിർമ്മാണ മേഖലയുടെ പങ്ക് 14 ശതമാനമായി ഉയർന്നത് കേരളത്തിൽ നല്ല രീതിയിൽ ബിസിനസ് നടത്താം എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ തന്നെ ഒന്നാംനിര നിർമ്മാണ കമ്പനികൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പശ്ചാത്തല സൗകര്യവികസനത്തിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ വ്യവസായ വളർച്ചയ്ക്ക് ഊർജ്ജം പകർന്നു. ദേശീയപാത വികസനവും ഗെയ്‌ൽ പൈപ്പ് ലൈൻ പദ്ധതിയുടെ പൂർത്തീകരണവും കേരളത്തിൽ ഒന്നും നടക്കില്ലെന്ന പഴയ ധാരണ തിരുത്തിക്കുറിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയ്‌ൽ പദ്ധതിയെക്കുറിച്ച് ഒരിക്കൽ പ്രധാനമന്ത്രി ചോദിച്ചപ്പോൾ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016 ൽ ആദ്യം മുഖ്യമന്ത്രിയായപ്പോളായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ചോദിച്ചതെന്നും പിണറായി വിശദീകരിച്ചു.

കേരളത്തിൽ നിക്ഷേപം നടത്തുന്ന ഒരു വ്യവസായവും പ്രയോജനപ്രദമാകാതെ പോകില്ലെന്ന ഉറപ്പാണ് സർക്കാരിന് നൽകാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഒന്നാം സ്ഥാനം ആവർത്തിക്കാൻ കഴിഞ്ഞത് നിക്ഷേപകർക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. റെഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന പരിസ്ഥിതിക്ക് ദോഷകരമായ വ്യവസായങ്ങൾ ഒഴികെ മറ്റെല്ലാ മേഖലകൾക്കും സർക്കാർ വലിയ ഇളവുകളാണ് നൽകുന്നത്. വ്യവസായ വികസനം നാടിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാട് എല്ലാവരും ഉയർത്തിപ്പിടിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.

YouTube video player