'ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യൽ, ദിലീപ് നിസഹകരിച്ചാൽ ഗുണമാകും': എഡിജിപി ശ്രീജിത്ത്

By Web TeamFirst Published Jan 23, 2022, 1:24 PM IST
Highlights

ക്രൈം ബ്രാഞ്ചിന്റെ കൈയ്യിൽ എന്തെല്ലാം ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് എഡിജിപി പറഞ്ഞു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് സൂചന നൽകി എഡിജിപി ശ്രീജിത്ത്. ഇന്നലെ കോടതിയിൽ നടന്നത് കണ്ടതാണല്ലോയെന്നും ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് അതിൽ നിന്നും മനസ്സിലാക്കാമല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.

ക്രൈം ബ്രാഞ്ചിന്റെ കൈയ്യിൽ എന്തെല്ലാം ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് എഡിജിപി പറഞ്ഞു. ദിലീപ് നിസഹകരിച്ചാൽ അതും അന്വേഷണത്തിന് ഗുണകരമാകും. സഹകരിക്കുന്നത് മാത്രമല്ല കേസിൽ വഴിത്തിരിവ് ഉണ്ടാക്കുകയെന്നും താരം നിസഹകരിച്ചാൽ ആ വിവരം കോടതിയെ അറിയിക്കുമെന്നും എഡിജിപി പറഞ്ഞു.

തെളിവുകളെ പറ്റി ഇപ്പോൾ പുറത്തു പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിചേർത്ത അഞ്ച് പേരെയും ചോദ്യം ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെയും ചോദ്യം ചെയ്യും. ആറാമൻ (വിഐപി) ശരത്താണോയെന്ന് ഇപ്പോൾ പറയാനാവില്ല. കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്. കൂടുതൽ സമയം വേണമെങ്കിൽ അത് കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിർദ്ദേശം പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

എഡിജിപിയും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിൽ ഇരുവരും ഭാഗമാകും. ഇതുവരെയുള്ള ചോദ്യം ചെയ്യൽ ഇവർ വിലയിരുത്തും. 

click me!