ബാലഭാസ്കറിന്‍റെ മരണം: പ്രകാശ് തമ്പിയെ ചോദ്യം ചെയ്യും; ക്രൈം ബ്രാഞ്ചിന് കോടതിയുടെ അനുമതി

By Web TeamFirst Published Jun 7, 2019, 7:22 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ രണ്ടു ദിവസത്തിനകം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. 

കൊച്ചി: ബാലഭാസ്കറിന്‍റെ മരണത്തെ സംബന്ധിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ അനുമതി. ജയിലിലെ സൗകര്യം അനുസരിച്ച് ചോദ്യം ചെയ്യാനാണ് എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയത്. കാക്കനാട് ജയിൽ കഴിയുന്ന പ്രകാശിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും. 

അപകടത്തിന് മുമ്പ് ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹത ഏറിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യം കടയുടമ നിഷേധിച്ചു. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. 

കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്നും ജ്യൂസ് കഴിച്ചതിന് ശേഷം ബാലഭാസ്ക്കർ വാഹനമോടിച്ചെന്നായിരുന്നു ഡ്രൈവർ അർജുൻറെ മൊഴി. എന്നാൽ അർജുൻ തന്നെയാണ് വണ്ടിയെടിച്ചതെന്ന നിലപാടിൽ ബാലഭാസ്ക്കറിൻറെ ഭാര്യ ലക്ഷ്മി ഉറച്ചുനിൽക്കുന്നു.

അന്വേഷണത്തിൽ നിർണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ ബാലഭാസ്ക്കറിന്‍റെ മരണത്തിന് ശേഷം താൻ കൊണ്ടുപയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചു. ഹാർഡ് ഡിസ്ക്ക് അടക്കം കട ഉടമ ഷംനാദിൻറെ സുഹൃത്തിൻറെ സഹായത്തോടെ കൊണ്ടു പോയ ശേഷം തിരിച്ചെത്തിച്ചെന്നാണ് തമ്പിയുടെ മൊഴി. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് എന്നാല്‍ പക്ഷെ മാധ്യമങ്ങൾക്ക് മുന്നില്‍ നിലപാട് മാറ്റുകയായിരുന്നു. 

click me!