എകെജി സെന്‍റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, ചുമതല ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്, പരിശോധന നടത്തി

Published : Aug 01, 2022, 12:16 PM ISTUpdated : Aug 01, 2022, 12:28 PM IST
എകെജി സെന്‍റർ ആക്രമണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, ചുമതല ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്, പരിശോധന നടത്തി

Synopsis

എ കെ ജി സെന്‍ററിലെത്തി സ്ഥല പരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനും നീക്കം ഉണ്ട്

തിരുവനന്തപുരം: എ കെ ജി സെന്‍റർ ആക്രമണത്തിൽ (akg centre attack)ക്രൈംബ്രാഞ്ച് (crime branch)അന്വേഷണം തുടങ്ങി, ക്രൈംബ്രാഞ്ച് സംഘം എ കെ ജി സെന്‍ററിൽ എത്തി പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ കെ ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈം  ബ്രാഞ്ച് സംഘം എത്തുന്നത്

കേസ് 23 ദിവസം അന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ് . ഇവർക്ക് പ്രതികളെ കണ്ടെത്താൻ ആകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എ കെ ജി സെന്‍ററിലെത്തി സ്ഥല പരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനും നീക്കം ഉണ്ട്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും വിളിച്ചു വരുത്തിയേക്കും.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫിസിനു നേരെ ആക്രമണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതിരുന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പ്രതിയെ പിടിച്ചാൽ അത് സി പി എമ്മിലേക്ക് തന്നെ എത്തുമെന്നതിനാലാണ് ആരേയും പിടികൂടാത്തത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.

എ കെ ജി സെന്‍ററിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം ഉണ്ടായ ഉടൻ അവിടെ എത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അക്രമം കോൺഗ്രസ് നടത്തിയതാണെന്ന് ആരോപിച്ചിരുന്നു.
അതേസമയം എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിന്‍റെ പേരിൽ അന്വേഷണം പോലീസ്അ തന്നെ അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമാണ്. എകെജി സെന്‍ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ചവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന വിവരം. എകെജി സെന്‍റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പൊലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം . ജൂൺ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്‍ററിൽ നിന്നും പുറത്തു വിട്ട സി സി ടി വി ദൃശ്യത്തിന് പുറമേ വ്യക്തമായ സി സി ടി വി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നും സംശയമുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്. 

സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയിൽ ഏഴ്  തവണയാണ് ഇയാൾ എകെജി സെന്‍ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്കൂട്ടറോടിച്ചത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാൾ പൊലീസിനോട് വിശദീകരിച്ചത് എന്നാൽ ഈ  സ്കൂട്ടറിൽ വെള്ളത്തിന്‍റെ ക്യാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. മാത്രമല്ല സ്ഫോടനം നടന്നതിന് പിന്നാലെ ഇയാൾ എകെജി സെന്‍ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പൊലീസും ആൾക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇയാൾ സ്ഫോടക വസ്തു മറ്റൊരാൾക്ക് എത്തിച്ച് നൽകി അയാൾ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്‌ എത്തിയത്. പക്ഷെ തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിർത്താൻ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരന്‍റെ ഫോൺ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിടാതെ ഒളിപ്പിച്ചു.

തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും പോകാതെ ഡിയോ സ്കൂട്ടറിന്‍റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴി മാറി ഇഴഞ്ഞു നീങ്ങി. ഇതിനെല്ലാം ഇടയിൽ എകെജി സെന്‍ററിന് കാവലുണ്ടായുന്ന ഏഴ് പൊലീസുകാരിൽ അഞ്ച് പേരും സംഭവം നടക്കുമ്പോൾ തൊട്ടടുത്ത ഹസ്സൻമരയ്ക്കാര്‍ ഹാളിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നെന്നും വിവരമുണ്ട്. പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു. കൈയകലത്ത് നിർണായക തെളിവുകളുണ്ടായിട്ടും മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിന് തടസ്സമെന്താണ്? ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്തിനെരെ സ്ഫോടക വസ്തു എറിഞ്ഞയാൾ ഇരുട്ടത്ത് തുടരുന്നത് ആരുടെ താൽപര്യപ്രകാരമാണ്? എകെജി സെന്‍റർ ആക്രമണ കേസിൽ പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങൾ ഏറെയാണ്.
 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം