
കൊച്ചി : ആലുവയിലെ എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൺ (Mofiya Parveen) ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ, മുഖ്യപ്രതി ഭർത്താവ് സുഹൈലിന്റെ (suhail) മൊബൈൽ ഫോൺ (mobile phone) പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് (Crime Branch) കോടതിയിൽ. സുഹൈലിന്റെ വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും പരിശോധിക്കാൻ അനുമതി നൽകണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.
കേസിലെ പ്രതികളായ സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവരുടെ കസ്റ്റഡി അപേക്ഷ ആലുവ മജിസ്ട്രേറ്റ് കോടതി പരിഗണിക്കവേയാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യംചെയ്യലിനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. സുഹൈലിന്റെ അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇവരെ കസ്റ്റഡിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടെങ്കിവും മെഡിക്കൽ രഖകൾ പരിശോധിച്ച കോടതി മൂന്ന് പേരെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിൽ വിട്ടു.
കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇയാൾ പലതവണ മോഫിയയുടെ ശരീരത്തിൽ മുറിവേൽപിച്ചു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സി എൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കൾ ഉയർത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam