Asianet News MalayalamAsianet News Malayalam

Mofiya Parveen : 'മോഫിയ കേസിൽ സിഐ സുധീറിനെ പ്രതിചേർക്കണം', സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ

ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ സിഐ സുധീറിന്‍റെ അധിക്ഷേപത്തിലാണ് തകർന്നത്. ആത്മഹത്യ ചെയ്ത മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടക്കുന്നതെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

should charge case against CI Sudhir in Mofia suicide case says Legal experts
Author
Kerala, First Published Nov 30, 2021, 9:56 AM IST

ആലുവ: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ (mofiya parveen case ) ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ (suicide) ചെയ്ത കേസിൽ പൊലീസിന് കടുത്ത വീഴ്ച ഉണ്ടായതായി തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ. ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസിൽ സുധീറിനെ പ്രതി ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നത്.  

നിയമപരിരക്ഷ പ്രതീക്ഷിച്ചാണ് മോഫിയ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ മനോരോഗിയെന്ന് വിളിയും അധിക്ഷേപവുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുമുണ്ടായത്. ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ സിഐ സുധീറിന്‍റെ അധിക്ഷേപത്തിലാണ് തകർന്നത്. ആത്മഹത്യ ചെയ്ത മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടക്കുന്നതെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 2019ലെ രാജേഷ്- ഹരിയാന സർക്കാർ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുള്ളത്. 

ഒക്ടോബർ 29 നാണ് ഗാർഹിക പീഡനം നേരിടേണ്ടിവരുന്നുവെന്ന മോഫിയ പർവീണിന്‍റെ പരാതി സിഐ സുധീറിന് കിട്ടിയത്. എന്നാൽ ഒരു മാസം സമയം പൊലീസ് ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. കൊലപാതകം,തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒഴികെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാവൂ എന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നവർ ഉന്നയിക്കുന്നത്. വ്യാപാരതർക്കം,അഴിമതി ആരോപണം, ദാന്പത്യപ്രശ്നങ്ങൾ തുടങ്ങിയ പരാതികളിൽ കേസെടുക്കണമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തണം. എന്നാൽ ഭർത്താവിൽ നിന്നും ലൈംഗിക വൈകൃത പീഡനം ഉൾപ്പടെ പരാതിക്കാരി ചൂണ്ടിക്കാട്ടിയിട്ടും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തേടിയില്ല. കേസിൽ പ്രതി ചേർത്തില്ലെങ്കിൽ വകുപ്പ് തല നടപടി മാത്രമായിരിക്കും നിലവിൽ സസ്പെൻഷനിലായ സിഐ സുധീറിന് നേരിടേണ്ടി വരിക.

Follow Us:
Download App:
  • android
  • ios