പൊലീസുകാരന്‍ കുമാറിന്‍റെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

By Web TeamFirst Published Aug 6, 2019, 3:57 PM IST
Highlights

കുമാറിന്റ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ ക്രൈംബ്രാ‌ഞ്ച് സംഘത്തോട് പറഞ്ഞു.

പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് ഐജി കുമാറിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. കുമാറിന്റ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ ക്രൈംബ്രാ‌ഞ്ച് സംഘത്തോട് പറഞ്ഞു.

കുമാറിന്റെ മരണത്തിന് കാരണം മാനസിക പീഡനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തത്. ക്യാമ്പിൽ കുമാറിന് ജാതീയമായ വേർതിരിവുണ്ടായോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. പാലക്കാട്ടെത്തിയ ക്രൈംബ്രാ‍ഞ്ച് ഐജി ഗോപേഷ് അഗർവാൾ, നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി. കേസ് തുടക്കത്തിലന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് സംഘം, ഡിസിആർബി ഡിവൈഎസ്പി എന്നിവരിൽ നിന്നും വിവരങ്ങൾ തേടി.
 
ക്യാമ്പിൽ കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുമാറിന്റെ ഭാര്യ ക്രൈംബ്രാ‍ഞ്ച് സംഘത്തോട് പറഞ്ഞു. ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും കുമാറിന്റെ കുടുംബാഗങ്ങൾ അന്വേഷണ സംഘത്തോടാവശ്യപ്പെട്ടു. കുമാറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തയിടത്തും ഐജിയുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ജാതി വിവേചനമുണ്ടായെന്ന് കണ്ടെത്തനായിട്ടില്ലെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യംകൂടി അന്വേഷണ പരിധിയിൽ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

click me!