
കൊച്ചി : നടി പീഡിപ്പിക്കപ്പെട്ട കേസിലെ (Actress attack case) അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസിൽ ദിലീപ് (Dileep) അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാച ഹാജരാകാൻ നിർദ്ദേശം നൽകി. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഇ സാഹചര്യത്തിൽ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം നാളെ വരും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.''ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് ". കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.
'എല്ലാം കെട്ടിച്ചമച്ചത്, വധ ഗൂഢാലോചനക്കേസ് റദ്ദാക്കണം', ദിലീപ് ഹൈക്കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിന് അഞ്ച് വർഷം പൂര്‍ത്തിയാകുമ്പോളും നീതി കിട്ടാതെ അതിജീവിത നിയമപോരാട്ടം തുടരുകയാണ്. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും ചർച്ചയാക്കിയത്. ദിലീപിന് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇത് തെളിയിക്കുന്ന ശബ്ദ രേഖകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു.
സിനിമ ലോകവും കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്‍റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. അതിനിടെയാണ് ദിലീപിന്റെ പങ്കിൽ സൂചന നൽകി തെളിവുകളുമായി സംവിധായകൻ ബാലചന്ദ്രകുമാറെത്തിയത്.