ദിലീപിന്‍റെ സഹോദരീഭർത്താവ് സുരാജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. കുസാറ്റ് ആൽഫി നഗറിലുള്ള വില്ലയിലായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന (Conspiracy For Murder) നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് (Dileep) അടക്കമുള്ള പ്രതികൾ നാളെ ഹൈക്കോടതിയെ (Kerala High Court) സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും, എഫ്ഐആർ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ നിലപാട്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണെന്നാണ് പ്രതികൾ കോടതിയെ അറിയിക്കുക.
എന്നാൽ പ്രതികളുടെ ഈ നീക്കം തടയാൻ പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുന്നതോടെ, കേസിലെ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവ് കിട്ടും എന്നാണ് അന്വേഷണസംഘം കരുതുന്നത്.
ദിലീപിന്‍റെ സഹോദരീഭർത്താവ് സുരാജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. കുസാറ്റ് ആൽഫി നഗറിലുള്ള വില്ലയിലായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സുരാജിന്‍റെ കത്രിക്കടവിലെ ഫ്ലാറ്റിലും നേരത്തെ ക്രൈം ബ്രാഞ്ച് തെരച്ചിൽ നടത്തിയിരുന്നു.
കേസിൽ ദിലീപും സഹോദരൻ അനൂപും സഹോദരീഭർത്താവ് സുരാജും അടക്കം അഞ്ച് പ്രതികൾക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.
ക്രിമിനൽ ഗൂഡാലോചന സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതികളുടെ പ്രേരണയുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തതായും തെളിയിക്കാനായില്ല. അതിനാൽ പ്രേരണാ കുറ്റവും നിലനിൽക്കില്ല.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിചാരണക്കോടതിയില്‍ വച്ച് 2018 ജനുവരി 31-ന് ഭീഷണിപ്പെടുത്തിയെന്ന് പ്രോസകിക്യൂഷൻ പറയുന്നു. എന്നാൽ അന്ന് കേസ് നടന്നത് അങ്കമാലി കോടതിയിലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്‍റെ ആരോപണങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്നും കോടതി പറയുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല, അതിനാൽ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസ്സമാകില്ലെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.
അതേസമയം, ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ ആശങ്ക കോടതി പരിഗണിച്ചു. അത്തരം നടപടികളുണ്ടായാൽ പ്രതികളുടെ അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി 9-ന് ദിലീപ് അടക്കമുള്ള പ്രതികൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തിരുന്നു.