
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് അനുസരിച്ച് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് സന്ദേശങ്ങൾ അയച്ച നമ്പറിന്റെ ഉടമകളും കേസില്‍ പ്രതികളാവും.
പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിപുലമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പിഎസ്എസി പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അഖിൽ വധശ്രമക്കേസ് പ്രതികളായ നസീമും,ശിവരഞ്ജിത്തും,എസ്എഫ്ഐ പ്രവർത്തകനായ ഇവരുടെ സുഹൃത്ത് പ്രണവിനും പരീക്ഷാ സമയത്ത് പുറമെ നിന്നും സഹായം ലഭിച്ചതായി പിഎസ്‍സി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ വിവരങ്ങൾ പിഎസ്‍സി സെക്രട്ടറി സാജു ജോർജ് ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു.
പരീക്ഷ തുടങ്ങിയ ശേഷം പ്രണവിന്‍റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽ നിന്നായി 78 സന്ദേശങ്ങളെത്തിയെന്നാണ് പിഎസ്‍സി വിജിലൻസിന്‍റെ കണ്ടെത്തൽ. നമ്പറുകളൊന്നായ 7907936722 കല്ലറ സ്വദേശിയായ ഗോകുല്‍ വി.എമ്മിൻറെ പേരിലാണ് എടുത്തിരിക്കുന്നത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. 2017 ബാച്ചിലെ പൊലീസുകാരനായ ഗോകുൽ പ്രണവിന്‍റെ അയൽവാസിയും സുഹൃത്തുമാണ്.
സിം എടുക്കാനായി ഗോകുല്‍ നൽകിയത് പൊലീസിന്‍റെ ഔദ്യോഗിക നമ്പറാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുഹൃത്തായ പ്രണവ് പലപ്പോഴും തന്റെ ഫോണ്‍ വാങ്ങികൊണ്ടുപോകാറുണ്ടെന്നാണ് ഗോകുൽ എസ്എപി ക്യാമ്പിലെ മേലുദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം രണ്ടോ മൂന്നോ പേർ കാണിച്ച ക്രമക്കേട് പിഎസ്‍സിയുടെ മൊത്തം വിശ്വാസ്യതയെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam