
കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്ന വൈറ്റില മേല്‍പ്പാലം മദ്രാസ് ഐഐടിയില്‍ നിന്നുള്ള വിദഗ്‍ധ സംഘം പരിശോധിച്ചു. കോണ്‍ക്രീറ്റിന് ഗുണനിലവാരവില്ലെന്ന പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാലത്തിന്റെ പരിശോധനയ്ക്ക് സർക്കാർ നിര്‍ദ്ദേശം നൽകിയത്.
ചെന്നൈ ഐഐടിയിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ബി എന്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. പിന്നീട് സംഘം കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മ്മാണവും പരിശോധിച്ചു. റിപ്പോര്‍ട്ട് എപ്പോള്‍ നൽകാനാകുമെന്ന് പറയാനാവില്ലെന്ന് പരിശോധനയ്ക്ക് ശേഷം ബി എന്‍ റാവു പറഞ്ഞു.
പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാം ഘട്ട പരിശോധനയിലാണ് കോണ്‍ക്രീറ്റിന് നിലവാരമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല മോൾ, ചീഫ് എഞ്ചിനീയർക്ക് റിപ്പോര്‍ട്ട് നൽകിയത്. ഗര്‍ഡര്‍, പിയര്‍ ക്യാപ്, ഡെക്ക് സ്ലാബ് എന്നിവയുടെ നിര്‍മ്മാണത്തിലാണ് പിഴവ് കണ്ടെത്തിയത്. ഗുണനിലവാരം പരിശോധിക്കാൻ പ്ലാന്‍റില്‍ ലാബ് സൗകര്യമില്ലെന്നും മേല്‍നോട്ടം വഹിക്കേണ്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍, മൂന്ന് ഘട്ടത്തിലുള്ള പരിശോധനയും പൂര്‍ത്തിയാകുന്നതിന് മുമ്പ് ചട്ടം മറികടന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ടെന്ന് ആരോപിച്ച് ഷൈല മോളെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തു. കരാര്‍ കമ്പനി നടത്തിയ ആദ്യഘട്ട പരിശോധനയില്‍ തകരാര്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധരെ കൊണ്ടും പരിശോധന നടത്തി. എന്നാല്‍, വ്യത്യസ്ത റിപ്പോർട്ടുകൾ വന്നതിനെ തുടര്‍ന്ന് നിർമ്മാണം സമഗ്രമായി വിലയിരുത്താന്‍ സർക്കാർ മദ്രാസ് ഐഐടിയോട് ആവശ്യപ്പെടുകയായിരുന്നു. ഐഐടിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പാലത്തിന്റെ നിര്‍മ്മാണം പുനനരാംരഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam