
തിരുവനന്തപുരം: സായുധ പൊലീസ് ആസ്ഥാനത്തുനിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ചിന്‍റെ തെളിവെടുപ്പ് ഇന്ന്. ചീഫ് സ്റ്റോറിൽ നിന്നും എസ്എപി ക്യാമ്പിലേക്ക് നൽകിയിട്ടുള്ള വെടിയുണ്ടകളെല്ലാം ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നിർദ്ദേശം. സിഎജി റിപ്പോട്ടിലും പൊലീസ് നടത്തിയ ആഭ്യന്തര പരിശോധനയിലും വെടിയുണ്ടകളുടെ എണ്ണത്തിൽ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കുന്നത്. വിവിധ എആർക്യാമ്പുകളിലും ബറ്റാലിയിനുകളിലും പരിശീലനത്തിനായി നൽകിയിരുന്ന വെടിയുണ്ടകള്‍ എസ്എപി ക്യാമ്പിൽ തിരികെയെത്തിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ സാനിധ്യത്തിൽ 11 മണിക്ക് എസ്എപി ക്യാമ്പിലാണ് പരിശോധന.
സംസ്ഥാന പൊലീസിന്‍റെ ആയുധപുരയിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. കേരള പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തൽ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എസ്എപി ക്യാമ്പിൽ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തൽ. സിഎജി റിപ്പോർട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ നടപടി. സിഎജി റിപ്പോര്‍ട്ടിലടക്കം പൊലീസിലെ അഴിമതി പുറത്ത് വന്ന സാഹചര്യത്തിൽ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്ന് മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രത്യക്ഷ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam