നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

By Web TeamFirst Published Jun 26, 2019, 9:20 PM IST
Highlights

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഡിജിപിയുടെ ഉത്തരവ്

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഡിജിപി ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ 13 പൊലീസുകാര്‍ക്കെതിരെ ശിഷാ നടപടി സ്വീകരിച്ചിട്ടുണ്ട്.

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാർ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. രാജ്കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. 

സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ കൂടി ഇന്ന് സ്ഥലം മാറ്റി. എഎസ്ഐ റോയ്, രണ്ട് സിപിഒമാർ എന്നിവരെയാണ് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ, നെടുങ്കണ്ടം എസ്ഐ ഉൾപ്പടെ നാല് പേരെ സസ്പെൻഡ് ചെയ്യുകയും സിഐ ഉൾപ്പടെ ആറ് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അന്വേഷണ സംഘം നാളെ നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി തെളിവെടുപ്പ് നടത്തും. 

click me!